News
ഫാ. സ്റ്റാന്‍ സ്വാമിയുടെ കംപ്യൂട്ടര്‍ ഹാർഡ് ഡിസ്ക്കില്‍ കൃത്രിമ തെളിവ് ഉണ്ടാക്കി: കേന്ദ്രം നടത്തിയ വേട്ടയാടല്‍ സ്ഥിരീകരിച്ച് യുഎസ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്
പ്രവാചകശബ്ദം 14-12-2022 - Wednesday
വാഷിംഗ്ടണ്‍ ഡിസി/മുംബൈ: ഭീമ-കൊറേഗാവ് കേസിൽ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടിയ മുതിർന്ന മനുഷ്യാവകാശ സംരക്ഷകന്‍ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഡിജിറ്റൽ തെളിവുകൾ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രൈവിൽ കൃത്രിമമായി പ്ലാന്റ് ചെയ്തതാണെന്നു സ്ഥിരീകരിച്ച് പ്രമുഖ അന്താരാഷ്ട്ര ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിംഗ്. മസാച്യുസെറ്റ്സ് ആസ്ഥാനമായ ആഴ്സണൽ കൺസൾട്ടിങ്ങിന്റെ കണ്ടെത്തലുകൾ വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കംപ്യൂട്ടർ ഹാർഡ് ഡിസ്ക്കിൽ വ്യാജ തെളിവുകൾ ഉണ്ടാക്കുകയായിരുന്നു.
ഫാ. സ്റ്റാൻ സ്വാമി ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഇലക്ട്രോണിക് കോപ്പി യുഎസ് ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ വിശദമായി പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് അൻപതിലേറെ ഫയലുകള്‍ സ്റ്റാൻ സ്വാമിയുടെ ഹാർഡ് ഡിസ്ക്കില്‍ സൃഷ്ടിച്ചതെന്നു വ്യക്തമായത്. ഏറ്റവുമവസാനമായി 2019 ജൂൺ 5നാണ് കൃത്രിമ തെളിവ് സൃഷ്ടിച്ചതെന്നും ആഴ്സണൽ കൺസൾട്ടിംഗ് ചൂണ്ടിക്കാട്ടുന്നു. നേരത്തേ റോണ വിൽസൻ, സുരേന്ദ്ര ഗാഡ്ലിങ് എന്നീ മനുഷ്യാവകാശ പ്രവർത്തകരുടെ കാര്യത്തിലും ഇത്തരം വ്യാജ ഡിജിറ്റൽ തെളിവുകൾ ഉണ്ടാക്കുകയായിരുന്നെന്ന് കണ്ടെത്തിയിരുന്നു.
മനുഷ്യാവകാശ സംരക്ഷകരുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്തതുമായി ഇന്ത്യൻ ഭരണകൂടത്തെ ബന്ധിപ്പിക്കുന്ന നിരവധി കണ്ടെത്തലുകളിൽ ഏറ്റവും പുതിയതാണ് ഇത്. ഫയൽ സിസ്റ്റം ഇടപാടുകൾ, ആപ്ലിക്കേഷൻ എക്സിക്യൂഷൻ ഡാറ്റ എന്നിവയിൽ അവശേഷിച്ച പ്രവർത്തനം അടിസ്ഥാനമാക്കിയാണ് ആഴ്സണൽ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. "കീലോഗിംഗ്" എന്ന പ്രക്രിയ ഉപയോഗിച്ചാണ് റെക്കോർഡ് ചെയ്തത്. ഹാക്കർമാർ തന്റെ പാസ്‌വേഡുകൾ ടൈപ്പ് ചെയ്യുമ്പോൾ തന്നെ വായിക്കാൻ കഴിയുന്നതിന്റെ ഉദാഹരണങ്ങളും മറ്റ് രേഖകളും ഇമെയിലുകളും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. ഫാദർ സ്റ്റാന്റെ ഉപകരണത്തിലെ 24,000 ഫയലുകളും ഹാക്കർ നിരീക്ഷിച്ചു.
നിരീക്ഷണത്തിനു പുറമേ, 2017 ജൂലൈയിൽ ആരംഭിച്ച് 2019 ജൂൺ വരെ നീണ്ടുനിൽക്കുന്ന രണ്ട് ഹാക്കിംഗ് കാമ്പെയ്‌നുകളിൽ ഫാ. സ്റ്റാന്റെ ഹാർഡ് ഡ്രൈവിൽ ഡിജിറ്റൽ ഫയലുകൾ തിരുകിക്കയറ്റി. ഫാ. സ്റ്റാനിന്റെ ഹാർഡ് ഡ്രൈവിൽ മാവോയിസ്റ്റ് കലാപവുമായി ബന്ധപ്പെടുത്തുന്ന അന്‍പതിലധികം ഫയലുകൾ സൃഷ്ടിച്ചു. റെയ്ഡിന് ഒരാഴ്ച മുമ്പ് 2019 ജൂൺ 5-ന് ഫാദർ സ്റ്റാനിന്റെ കംപ്യൂട്ടറിൽ അദ്ദേഹത്തെ കുറ്റാരോപിതനാക്കാൻ ഉതകുന്ന അന്തിമ രേഖ സ്ഥാപിച്ചു, ഭീമ കൊറേഗാവ് കേസിന്റെ രേഖകളുടെ ആധികാരികതയെക്കുറിച്ചും അതിൽ ഫാ. സ്റ്റാനിന്റെ പങ്കിനെ കുറിച്ചും വിദഗ്ധർ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ചിട്ടും ഫാദർ സ്റ്റാനിനെ ആദ്യം അറസ്റ്റ് ചെയ്തത് ഈ രേഖകളുടെ അടിസ്ഥാനത്തിലാണ്.
ടർക്കിഷ് ഒഡാടിവി കേസ്, ബോസ്റ്റൺ മാരത്തൺ ബോംബിംഗ് കേസ് എന്നിവയുൾപ്പെടെ ലാൻഡ്മാർക്ക് ഡിജിറ്റൽ ഫോറൻസിക് കേസുകളിൽ പ്രവർത്തിച്ച വളരെ പ്രഗത്ഭരായ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സനൽ കൺസൾട്ടിംഗ് നടത്തിയ കണ്ടെത്തല്‍ വരും നാളുകളില്‍ വലിയ ചര്‍ച്ചയാകുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. കഴിവുള്ള ഏതൊരു ഡിജിറ്റൽ ഫോറൻസിക് വിദഗ്ധനും തങ്ങള്‍ നടത്തിയ കണ്ടെത്തലുകൾ സ്ഥിരീകരിക്കുമെന്ന് കഴിയുമെന്ന് ആഴ്സണൽ വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല.
എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന്‍ കൂടിയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു.
ഇതിനിടെ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരിന്നു. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് തലോജ ജയിലില്‍ നിന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റി. കഴിഞ്ഞ വര്‍ഷം ജൂലൈ 5നു മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരിന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തെ ബ്രിട്ടീഷ് പാർലമെന്റൂം, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും, യുഎന്നും അപലപിച്ചിരുന്നു. 2022 ജൂലൈയിൽ, ഫാദർ സ്റ്റാന്റെ ജീവിതത്തെയും പ്രവർത്തനത്തെയും ബഹുമാനിക്കുന്ന പ്രമേയം യുഎസ് കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക