Life In Christ
അനേകായിരങ്ങളുടെ ജീവിതം കൈ പിടിച്ചുയര്‍ത്തിയ മലബാറിന്റെ മഹാമിഷ്ണറി സുക്കോളച്ചൻ ഇനി ദൈവദാസൻ
പ്രവാചകശബ്ദം 06-01-2023 - Friday
പരിയാരം: ജാതി മതഭേദമന്യേ അനേകായിരങ്ങൾക്ക്, സാന്ത്വനത്തിന്റെ തൂവൽ സ്പർശമായി ജീവിച്ച മലബാറിന്റെ മഹാമിഷ്ണറി ഫാ. ലീനസ് മരിയ എസ്‌ജെ എന്ന സുക്കോളച്ചൻ ഇനി ദൈവദാസൻ. അനേകരുടെ ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന മിഷ്ണറി വൈദികന്റെ പ്രവർത്തനകേന്ദ്രവും നിത്യ വിശ്രമം കൊള്ളുന്നതുമായ മരിയപുരം ദേവാലയത്തിൽ തടിച്ചുകൂടിയ വലിയ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കിയാണ് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ.അലക്സ് വടക്കുംതല സുക്കോളച്ചനെ ദൈവദാസ പദവിയിലേക്കുയർത്തിയുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രഖ്യാപനം വായിച്ചത്.
തുടർന്നു നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് സുക്കോളച്ചന്റെ ജന്മനാടായ ട്രെന്‍റോ അതിരൂപത ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് ഡോ.ലൂയിജി ബ്രെസാന്‍ പ്രധാന കാര്‍മ്മികത്വം വഹിച്ചു. കോഴിക്കോട് രൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കല്‍, തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി തുടങ്ങിയവർ സംബന്ധിച്ചു. സുക്കോളച്ചന്റെ ഒന്‍പതാം ചരമ വാര്‍ഷികമായ ഇന്നു രാവിലെ സുക്കോളച്ചന്റെ കബറിടത്തിലെ പ്രാര്‍ത്ഥന ശുശ്രൂഷകളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സിബിസിഐ പ്രസിഡന്റ് മാർ ജോസഫ് തോമസ് കബറിടത്തിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ശുശ്രൂഷകളില്‍ സുക്കോളച്ചന്റെ ബന്ധുക്കളടങ്ങുന്ന പത്തോളം പേരും മരിയപുരം ദേവാലയത്തിൽ എത്തിയിരുന്നു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു പൊതുസമ്മേളനവും സ്നേഹവിരുന്നും നടന്നു.
1916 ഫെബ്രുവരി 8-ാം തീയതി വടക്കേ ഇറ്റലിയിലെ വാൽ ദി നോണിൽപ്പെട്ട സർനോണിക്കയിലാണ് സുക്കോൾ ജുസെപ്പെ ബാർബ ദമ്പതികളുടെ മകനായി ലീനസ് മരിയ ജനിച്ചത്. 1940 മാർച്ച് 4-ന് ട്രെന്‍റോ അതിരൂപതയിലെ 40 വൈദീകരോടൊപ്പം ലീനസ് മരിയ സുക്കോളച്ചൻ അഭിഷിക്തനായി. മൂന്നു വർഷത്തിനുശേഷം ജെസ്യൂട്ട് സമൂഹത്തില്‍ അംഗമായി. വിദൂരങ്ങളില്‍ മിഷനിൽ പോയി പ്രവർത്തിക്കാനുള്ള ആഗ്രഹമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. അങ്ങനെ 1948 ഏപ്രിൽ മാസം ഇറ്റലിയിൽനിന്ന് കപ്പൽ മാർഗം ബോംബെയിലും അവിടെനിന്ന് തീവണ്ടിയിൽ കോഴിക്കോടും വന്നെത്തി. പിന്നീട് വയനാട്ടിലെ വിവിധയിടങ്ങളിലും 1954-ൽ കണ്ണൂരിലെ ചിറക്കൽ മിഷനിലും സേവനത്തിനായി നിയോഗിക്കപ്പെട്ടു.
മാടായി, പഴയങ്ങാടി, പിലാത്തറ, പട്ടുവം, പരിയാരം, പൂവം, ബക്കളം, അരിപ്പാമ്പ്, കാരക്കുണ്ട്, കണ്ണാടിപ്പറമ്പ്, കായപ്പൊയിൽ, മടക്കാംപൊയിൽ, കുറുമാത്തൂർ, മരിയാപുരം എന്നീ മുപ്പതോളം ഗ്രാമങ്ങൾ അദ്ദേഹത്തിന്റെ സേവനത്താൽ അനുഗ്രഹീതമായവയാണ്. അവിടെയെല്ലാം ജാതി മത ഭേദമന്യേ, എല്ലാവരുടേയും പ്രിയമുള്ള സ്നേഹിതനും നിരാലംബരുടെ സഹായകനുമായി സുക്കോളച്ചന്‍ മാറി. 1980-ൽ അദ്ദേഹത്തിന് ഭാരത പൗരത്വം ലഭിച്ചു. സമൂഹത്തിൽ ഭവനരഹിതർ ഉണ്ടാകരുതെന്ന ലക്ഷ്യം വച്ച് നിർധനരായ ഏഴായിരത്തിനുമേൽ കുടുംബങ്ങൾക്ക്, സ്ഥലവും വീടും സമ്മാനിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അവർക്കെല്ലാം കുടിവെള്ളം ലഭ്യമാക്കാനായി കിണറുകൾ നിർമിച്ചുനൽകിയും പരാശ്രയമില്ലാതെ സ്വയംതൊഴിൽ കണ്ടെത്തി ജീവിക്കാനായി ദരിദ്രരായ പതിനായിരങ്ങൾക്ക്, തയ്യൽ മെഷീൻ, ഓട്ടോറിക്ഷ, കറവപ്പശു, ആട്, കോഴി തുടങ്ങിയവ നൽകി, വരുമാന സ്രോതസ്സ് ഒരുക്കി കൊടുത്തതും അദ്ദേഹം നടത്തിയ നിസ്തുല സേവനങ്ങളില്‍ ചിലതു മാത്രം. പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ശുശ്രൂഷിക്കാനായി 1969-ൽ ദീനസേവനസഭ സ്ഥാപിക്കാൻ ദൈവദാസി മദർ പ്രേത മോണിംഗ്മാനെ പ്രോത്സാഹിപ്പിച്ച് സഹായിച്ചതും അദ്ദേഹമായിരിന്നു.
2022 ഓഗസ്റ്റിൽ ധന്യയായി ഉയർത്തപ്പെട്ട സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ ആത്മീയപാതയിൽ അത്താണിയായി നിലകൊണ്ടത് സുക്കോളച്ചനായിരിന്നു. സിസ്റ്റർ സെലിന്റെ ആധ്യാത്മിക ഗുരുവും കുമ്പസാരക്കാരനുമായിരുന്നു സുക്കോളച്ചൻ. ആറര പതിറ്റാണ്ടുകാലം ദൈവത്തിനും ദൈവജനത്തിനും വേണ്ടിയുള്ള ആത്മസമർപ്പണത്തോടുകൂടിയ സുക്കോളച്ചന്റെ ജീവിതത്തിന് തിരുസഭ നൽകിയ അംഗീകാരമായാണ് മിഷ്ണറി വൈദികന്റെ ജീവിതം തൊട്ടറിഞ്ഞവര്‍ സ്മരിക്കുന്നത്.
Tag: Fr. Linus Maria Zucol S.J declared Servant of God, Pravachaka Sabdam, Catholic Malayalam News