Life In Christ - 2024

ബെനഡിക്ട് പാപ്പ ആധുനിക സഭയുടെ യഥാര്‍ത്ഥ വേദപാരംഗതനായി ഓര്‍മ്മിക്കപ്പെടും: വിശ്വാസ തിരുസംഘത്തിന്റെ മുൻ അധ്യക്ഷൻ കര്‍ദ്ദിനാള്‍ മുള്ളര്‍

പ്രവാചകശബ്ദം 08-01-2023 - Sunday

വത്തിക്കാന്‍ സിറ്റി: ആധുനിക സഭയുടെ യഥാര്‍ത്ഥ വേദപാരംഗതന്‍ എന്ന നിലയില്‍ ബെനഡിക്ട് പാപ്പ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് വിശ്വാസ തിരുസംഘത്തിന്റെ മുൻ അധ്യക്ഷൻ കര്‍ദ്ദിനാള്‍ ജെര്‍ഹാര്‍ഡ് മുള്ളര്‍. ഉത്തമ ബോധ്യവും, എളിമയും, ദൈവസ്നേഹത്തിന്റെ പങ്കാളിയെന്ന നിലയില്‍ അഗാധമായ ജ്ഞാനവും ഉണ്ടായിരുന്ന മഹാനായ വ്യക്തിയായിരുന്നു ബെനഡിക്ട് പാപ്പയെന്നു അദ്ദേഹം അനുസ്മരിച്ചു. മുന്‍ പാപ്പ തിരുസഭക്ക് നല്‍കിയ സംഭാവനകളെ കുറിച്ചും, വിമര്‍ശകരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ കുറിച്ചും കര്‍ദ്ദിനാള്‍ ജെര്‍ഹാര്‍ഡ് മുള്ളര്‍ നാഷണല്‍ കാത്തലിക് രജിസ്റ്ററിന് നല്‍കിയ അഭിമുഖത്തില്‍ വിവരിക്കുകയുണ്ടായി.

ഏത് രീതിയിലാണ് നിങ്ങള്‍ക്ക് ബെനഡിക്ട് പതിനാറാമനെ കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് എല്ലാ അര്‍ത്ഥത്തിലും തനിക്ക് അദ്ദേഹത്തേ ഇഷ്ടമാണെന്നും മുന്‍പാപ്പ ആധുനിക സഭയുടെ ഒരു യഥാര്‍ത്ഥ വേദപാരംഗതനാണെന്നുമായിരുന്നു കര്‍ദ്ദിനാളിന്റെ മറുപടി. ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ രചനകളെ ആളുകള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ‘ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’ന്റെ സ്ഥാപകൻ കൂടിയാണ് ജർമ്മൻ ദൈവശാസ്ത്രജ്ഞനായ കര്‍ദ്ദിനാള്‍ മുള്ളര്‍. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ കുറിച്ചുള്ള ബെനഡിക്ട് പതിനാറാമന്റെ നിരീക്ഷണങ്ങളെ ശരിവെച്ചുകൊണ്ടായിരുന്നു കര്‍ദ്ദിനാള്‍ മുള്ളര്‍ സംസാരിച്ചത്.

ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്രത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും അദ്ദേഹം കടുത്ത യാഥാസ്ഥിതികവാദിയാണെന്നുമൊക്കെയുള്ള വിമര്‍ശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ആശയപരമായി സങ്കുചിത ചിന്താഗതിയുള്ള അജ്ഞര്‍ക്ക് മാത്രമേ ബെനഡിക്ട് പാപ്പ കടുത്ത യാഥാസ്ഥിതിക വാദിയാണെന്നു പറയുവാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു കർദ്ദിനാളിന്റെ മറുപടി. ക്രിസ്തുവില്‍ നിന്നും അകന്ന ഈ നരവംശശാസ്ത്രത്തിന്റെ വക്താക്കള്‍ ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ക്രിസ്ത്യന്‍ പണ്ഡിതന്മാരില്‍ ഒരാളായ ബെനഡിക്ട് പതിനാറാമനില്‍ മതിപ്പുളവാക്കില്ലെന്നും, അവരോടൊപ്പം പരിശുദ്ധാത്മാവ് നേരിട്ട് ഹൃദയങ്ങളില്‍ പരിവര്‍ത്തനം വരുത്തിയില്ലെങ്കില്‍ നിരീശ്വര പ്രത്യയശാസ്ത്രം അപകടം വരുത്തിവെയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


Related Articles »