Life In Christ - 2024

തന്റെ പരിവര്‍ത്തനത്തിന് പിന്നില്‍ ബെനഡിക്ട് പാപ്പയും പ്രേരക ശക്തിയായതായി സൊഹ്‌റാബ് അഹ്മാരിയുടെ വെളിപ്പെടുത്തല്‍

പ്രവാചകശബ്ദം 10-01-2023 - Tuesday

ന്യൂയോര്‍ക്ക്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി എട്ടു വര്‍ഷക്കാലം ആഗോള സഭയെ നയിച്ച മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ തന്റെ വിശ്വാസ പരിവര്‍ത്തനത്തിനു പ്രേരക ശക്തിയായെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വരുന്നവരുടെ എണ്ണം കൂടി വരുന്നു. ഷിയാ ഇസ്ലാം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ച വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ അടക്കം ജോലി ചെയ്ത പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ സൊഹ്‌റാബ് അഹ്മാരിയുടെ വെളിപ്പെടുത്തലാണ് ഇതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത്. തന്റെ തീരുമാനത്തിന് പിന്നില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കു നിര്‍ണ്ണായകമായ സ്വാധീനമുണ്ടെന്നു അമേരിക്കൻ കൺസർവേറ്റീവിന്റെ സ്ഥാപകനും എഡിറ്ററുമായ അഹ്മാരി 'ന്യൂയോക്ക് ടൈംസി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുറിച്ചു.

2006 സെപ്റ്റംബറില്‍ ജര്‍മ്മനിയിലെ റീഗന്‍സ്ബര്‍ഗ് സര്‍വ്വകലാശാലയില്‍ ബെനഡിക്ട് പതിനാറാമന്‍ നടത്തിയ പ്രസംഗം മുസ്ലീം ലോകത്തെ ആളിക്കത്തിച്ചെങ്കിലും, ഷിയാ ഇസ്ലാമില്‍ നിന്നും നിരീശ്വരവാദിയായി മാറിയ തന്നെ സംബന്ധിച്ചിടത്തോളം ആ പ്രസംഗം തന്റെ പൂര്‍വ്വികരെക്കുറിച്ച് നന്നായി മനസ്സിലാക്കുവാനുള്ള ഒരു ഉറവിടമായിരുന്നുവെന്നു അഹ്മാരി സ്മരിച്ചു. “ബെനഡിക്ട് പതിനാറാമന്‍ പാപ്പ വിശ്വാസത്തേക്കുറിച്ച് എന്നെ പഠിപ്പിച്ചതെന്ത്” എന്ന തലക്കെട്ടോടു കൂടിയാണ് അഹ്മാരിയുടെ ലേഖനം. അക്രമത്തിലൂടെ വിശ്വാസം പ്രചരിപ്പിക്കുന്നത് യുക്തിഹീനമാണെന്നു പതിനാലാം നൂറ്റാണ്ടിലെ ബൈസന്റൈന്‍ ചക്രവര്‍ത്തിയായ മാനുവല്‍ II പാലയോലോഗോസിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ബെനഡിക്ട് പാപ്പ പറഞ്ഞിരിന്നു.

“മുഹമ്മദ്‌ കൊണ്ടുവന്നത് എന്താണെന്ന് എന്നെ കാണിക്കൂ, വാളുകൊണ്ട് ഇസ്ലാം പ്രചരിപ്പിക്കുക പോലെയുള്ള തിന്മകളും മനുഷ്യത്വരഹിതവും മാത്രമാണ് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയുക” എന്നാണ് പാലയോലോഗോസ് ഒരു പേര്‍ഷ്യന്‍ പണ്ഡിതനുമായി ഇസ്ലാമിനേയും ക്രിസ്തുമതത്തേയും കുറിച്ച് നടത്തിയ സംവാദത്തില്‍ പറഞ്ഞിരിന്നത്. 2016-ല്‍ ഐഎസ് തീവ്രവാദികള്‍ ഫ്രാന്‍സില്‍ ദേവാലയത്തിനുള്ളില്‍ കയറി വയോധിക വൈദികനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സൊഹ്‌റാബ് അഹ്മാരി ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നത്. മെക്സിക്കന്‍ ചെസ് കളിക്കാരനായ ക്രിസ്റ്റോബാള്‍ റൊമേരോയും തന്റെ വിശ്വാസ പരിവര്‍ത്തനത്തില്‍ ബെനഡിക്ട് പാപ്പയ്ക്കു സ്വാധീനമുണ്ടെന്ന് വെളിപ്പെടുത്തിയിരിന്നു.


Related Articles »