Arts - 2024

എണ്ണായിരത്തോളം പുരുഷന്‍മാര്‍ ഒരുമിച്ച് ആലപിച്ച മരിയൻ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ

പ്രവാചകശബ്ദം 19-01-2023 - Thursday

വാർസോ: യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ‘വാരിയേഴ്സ് ഓഫ് മേരി’ (മറിയത്തിന്റെ പോരാളികള്‍) ക്രിസ്ത്യന്‍ സംഘടന സംഘടിപ്പിച്ച കൂട്ടായ്മയിൽ പോളണ്ടില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നുമായി എണ്ണായിരത്തോളം പുരുഷന്‍മാര്‍ ഒരുമിച്ചു ആലപിച്ച മരിയൻ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ. പോളണ്ടിലെ ബൈഡ്ഗോസ്ക്സിലെ സെന്റ്‌ വിന്‍സെന്റ് ഡി പോള്‍ ബസിലിക്കയിൽ നടന്ന കൂട്ടായ്മയില്‍ പങ്കെടുത്ത പുരുഷന്‍മാര്‍ ജപമാല കൈകളില്‍ പിടിച്ച് ഒരേസ്വരത്തില്‍ ‘ബോഗുറോഡ്സിക്ക’ (ദൈവമാതാവ്) എന്ന മരിയന്‍ സ്തുതിഗീതം ആലപിക്കുന്നതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്.

യേശു ക്രിസ്തുവിനും, ദൈവമാതാവിനുമുളള സ്തുതി ഗീതമായ ‘ബോഗുറോഡ്സിക്ക’ പത്താം നൂറ്റാണ്ടുമുതല്‍ പ്രാബല്യത്തിലുള്ള പോളണ്ടിലെ ഏറ്റവും പഴക്കമുള്ള ഗാനങ്ങളിലൊന്നാണ്. യുദ്ധത്തിന് മുന്‍പായി യോദ്ധാക്കള്‍ ആലപിക്കുന്ന ഗാനം കൂടിയാണിത്. അധിനിവേശ ശക്തികൾക്ക് എതിരെ പോളണ്ട് യുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ ഈ ഗാനം ആലപിച്ചതിനേ കുറിച്ച് പോളിഷ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ പട്ടണത്തില്‍ നിന്നും സെന്റ്‌ വിന്‍സെന്റ് ഡി പോള്‍ ബസിലിക്കയിലേക്ക് പ്രദിക്ഷിണമായിട്ടാണ് പുരുഷന്മാര്‍ എത്തിയത്.

പ്രദിക്ഷിണത്തിനൊടുവില്‍ വിശുദ്ധ കുര്‍ബാനയും നടന്നു. 'മറിയത്തിന്റെ പോരാളിയാവുക’ എന്നതുകൊണ്ട്, സ്വന്തം ദൗര്‍ബല്യങ്ങളോട് പോരാടുക എന്നതാണ് അര്‍ത്ഥമാക്കുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്തവർ പറഞ്ഞു. പോളണ്ട് ഉള്‍പ്പെടെ പതിമൂന്നോളം യൂറോപ്യന്‍ രാജ്യങ്ങളിലായി ഏതാണ്ട് ആയിരകണക്കിന് അംഗങ്ങളുള്ള ക്രിസ്ത്യന്‍ കൂട്ടായ്മയാണ് ‘വാരിയേഴ്സ് ഓഫ് മേരി’. പുരുഷന്‍മാരെ ധാർമ്മികതയുള്ള ജീവിതാന്തസ്സുള്ള ഭര്‍ത്താക്കന്‍മാരും, പിതാക്കന്‍മാരുമാകുവാന്‍ സഹായിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം.


Related Articles »