Life In Christ - 2024

കത്തോലിക്ക സംഘടനയായ കാരിത്താസിന്റെ ആയിരകണക്കിന് പ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തില്‍

പ്രവാചകശബ്ദം 09-02-2023 - Thursday

ഇസ്താംബൂള്‍/ ദമാസ്ക്കസ്: തുർക്കിയിലും, സിറിയയിലും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും, അനുബന്ധ അഭയാർത്ഥി കേന്ദ്രങ്ങൾക്കും കത്തോലിക്കാ സഭയുടെ ഉപവി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കാരിത്താസ് സംഘടനയും, പ്രവർത്തകരും സജീവമായി സേവനം തുടരുന്നു. ഫെബ്രുവരി ആറാം തീയതി ലോകമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് തുർക്കിയിലും സിറിയയിലും നടന്ന വന്‍ ഭൂകമ്പത്തിൽ മരണപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെ ഇനിയും ആയിരക്കണക്കിനാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുവെന്ന ഭീതിപ്പെടുത്തുന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളിൽ നിന്നെല്ലാം എത്തിയ സന്നദ്ധ പ്രവർത്തകര്‍ക്കൊപ്പം കാരിത്താസ് സംഘടനയുടെ നേതൃത്വത്തിലും ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരാണ് ദുരന്തമുഖത്തു രക്ഷാപ്രവര്‍ത്തനം തുടരുന്നത്. തുർക്കിയിലെ കാരിത്താസിന്റെ പ്രസിഡന്റും, അനത്തോലിയയുടെ അപ്പസ്തോലിക വികാരിയുമായ ബിഷപ്പ് പൗലോ ബിട്സെത്തിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നത്. ഇതിനിടെ കുടിവെള്ളവും, വൈദ്യുതിയും, ആശയവിനിമയ സംവിധാനങ്ങളുമെല്ലാം തകരാറിലായതോടെ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായിരിക്കുകയാണ്. ഒപ്പം കടുത്ത തണുപ്പും വെല്ലുവിളി ഉയർത്തുന്നുണ്ട്.

സിറിയയിലും സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. കെട്ടിടാവശിഷ്ട്ടങള്‍ക്കിടയില്‍ നിന്നു പുറത്തെടുക്കപ്പെടുന്ന ആളുകൾക്ക് നൽകാനുള്ള മരുന്നുകൾക്ക് പോലും ക്ഷാമം നേരിടുന്നുണ്ട്. ദുരന്തം ബാധിച്ച രണ്ടു രാജ്യങ്ങളിലെയും പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായ വലിയ സഹായം നൽകുന്നത് ഇറ്റലിയിലെ കാരിത്താസ് സംഘടനയും, ഇറ്റാലിയന്‍ മെത്രാൻ സമിതിയുമാണ്. ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതായതിനാല്‍ ഇറ്റലിയിൽ തന്നെ കൂടുതൽ സാമ്പത്തിക സ്രോതസുകൾ കണ്ടെത്തുവാനായി അടിയന്തര നടപടികളും ആരംഭിച്ചിട്ടുണ്ട്.


Related Articles »