Youth Zone - 2025

അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന് അറസ്റ്റിലായ ബ്രിട്ടീഷ് വനിതയെ കുറ്റവിമുക്തയാക്കി

പ്രവാചകശബ്ദം 09-02-2023 - Thursday

ലണ്ടന്‍: ഇംഗ്ലണ്ടില്‍ അബോര്‍ഷന്‍ ക്ലിനിക്കിനു ചുറ്റും പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ബഫര്‍സോണില്‍ നിന്നുകൊണ്ട് നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ഇംഗ്ലീഷ് വനിത കുറ്റവിമുക്തയായി. എങ്കിലും ആരോപണങ്ങള്‍ വീണ്ടും പൊടിതട്ടി എടുക്കാമെന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും നിയമകുരുക്കിലാകാമെന്ന ആശങ്കയിലാണ് യു.കെ ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ന്റെ ഡയറക്ടര്‍ കൂടിയായ ഇസബെല്‍ വോഗന്‍-സ്പ്രൂസ്. ജനുവരി അവസാനത്തിലാണ് ദി ക്രൌണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ഇവരുടെ മേലുള്ള കുറ്റപത്രം തള്ളിക്കളഞ്ഞത്. പൊതുസ്ഥലത്ത് നിന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചുവെന്ന കുറ്റത്തിന് തന്നെ ഒരു കുറ്റവാളിയേപ്പോലെ അറസ്റ്റ് ചെയ്തത് ശരിയായില്ലായെന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 3-ന് വോഗന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

നിയമത്തെ അനുസരിച്ചു നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന തന്നെപ്പോലെയുള്ള പലരേയും കുഴപ്പത്തിലാക്കുമെന്നു വോഗന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 6-ന് ബര്‍മിംഗ്ഹാമിലെ അടഞ്ഞു കിടന്നിരുന്ന ഒരു അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നില്‍ വെച്ച് നിശബ്ദമായി പ്രാര്‍ത്ഥിച്ച കുറ്റത്തിനാണ് വോഗന്‍ അറസ്റ്റിലാകുന്നത്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചിരിക്കുന്ന ബര്‍മിംഗ്ഹാം പൊതുസ്ഥല സംരക്ഷണ നിയമമനുസരിച്ച് ഡിസംബര്‍ 15-നാണ് ഇവരുടെ മേല്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിഷയത്തിലെ നീതി നിഷേധം മനസിലാക്കിയ മതസ്വാതന്ത്ര്യ നിയമ സംഘടനയായ എ.ഡി.എഫ് യു.കെ സഹായവും ഈ കേസില്‍ വോഗന് ലഭിച്ചു.

വോഗന്‍ നിയമപരമായ അനിശ്ചിതത്വം നേരിട്ടുകൊണ്ടിരിക്കുകയാണ്. തനിക്കെതിരെ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റത്തിന് ഭാവിയില്‍ അവര്‍ക്ക് എന്തെല്ലാം നൂലാമാലകള്‍ നേരിടേണ്ടി വന്നേക്കാം എന്ന കാര്യത്തില്‍ വ്യക്തവരുത്തുവാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ‘എ.ഡി.എഫ് യു.കെ’യുടെ നിയമ ഉപദേശകനായ ജർമനിയ ഇഗ്നുബോൽ പറഞ്ഞു. തന്റെ നിയസാഹചര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള കോടതി വിധി താന്‍ നേടിയെടുക്കും എന്ന നിലപാടിലാണ് വോഗന്‍. തങ്ങളുടെ ചിന്തകളുടെ പേരില്‍ ആളുകളെ അപമാനിക്കുന്നതും വേട്ടയാടി അറസ്റ്റ് ചെയ്യുന്നതും മതിയായ തെളിവില്ലെന്ന കാരണത്താല്‍ വിട്ടയക്കുന്നതും, പിന്നീട് തെളിവുകള്‍ ലഭിച്ചാല്‍ നിയമനടപടികള്‍ വീണ്ടും തുടങ്ങുന്നതും ശരിയായ കാര്യമല്ലെന്ന് ഇഗ്നുബോൽ ചൂണ്ടിക്കാട്ടി.

ദേശീയ തലത്തില്‍ തന്നെ ഭ്രൂണഹത്യ ക്ലിനിക്കുകള്‍ക്ക് പുറത്ത് ബഫര്‍സോണുകള്‍ ഉണ്ടാക്കുവാനുള്ള പദ്ധതിയിലാണ് യു.കെ പാര്‍ലമെന്റ്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ ലിവര്‍പൂളില്‍ ഗര്‍ഭഛിദ്ര കേന്ദ്രത്തിനു സമീപത്ത് നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ അറസ്റ്റിലായ റോസ ലാലോര്‍ എന്ന എഴുപത്തിയാറുകാരി നടത്തിയ നിയമപോരാട്ടം ഒടുവില്‍ വിജയം കണ്ടിരിന്നു.


Related Articles »