Life In Christ

യഹൂദര്‍ക്ക് അഭയം നല്‍കിയതിനു നാസികള്‍ കൂട്ടക്കൊല ചെയ്ത 7 കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം വാഴ്ത്തപ്പെട്ട നിരയിലേക്ക്

പ്രവാചകശബ്ദം 16-02-2023 - Thursday

വാര്‍സോ: പോളണ്ടില്‍ നിരാലംബരായ യഹൂദര്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ നാസികള്‍ കൊന്നൊടുക്കിയ ഉല്‍മ കുടുംബത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന തീയതി പ്രഖ്യാപിച്ചു. ജോസഫ് ഉല്‍മായും പത്നി വിക്ടോറിയയും, ഗര്‍ഭവതിയായിരുന്ന വിക്ടോറിയയുടെ ഉദരത്തിലുള്ള ശിശു ഉള്‍പ്പെടെ ഏഴ് മക്കളും അടങ്ങുന്ന കുടുംബത്തെ വരുന്ന സെപ്റ്റംബര്‍ 10-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുമെന്ന് പ്രസെമിസ്കാ അതിരൂപത വ്യക്തമാക്കി. ഉല്‍മ കുടുംബം നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട തെക്ക്-കിഴക്കന്‍ പോളണ്ടിലെ മാര്‍കോവ ഗ്രാമത്തില്‍വെച്ച് നടക്കുന്ന ചടങ്ങുകള്‍ക്ക് വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെലോ സെമെരാരോ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ഇക്കഴിഞ്ഞ ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പ, ഉല്‍മ കുടുംബത്തിന്റെ രക്തസാക്ഷിത്വം സംബന്ധിച്ച ഡിക്രിയില്‍ ഒപ്പുവെച്ചതോടെയാണ് ഉല്‍മ കുടുംബത്തേ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഇതിന് പിന്നാലേ നാമകരണ തീയതി വത്തിക്കാന്‍ പ്രഖ്യാപിക്കുകയായിരിന്നു. നാസികളാല്‍ കൊലചെയ്യപ്പെട്ട യഹൂദരുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചിരിക്കുന്ന വേള്‍ഡ് ഹോളോകോസ്റ്റ് റിമംബറന്‍സ് സെന്റര്‍ ഉല്‍മ കുടുംബത്തെ തങ്ങളുടെ ജീവത്യാഗത്തിന്റെ പേരില്‍ 'രാഷ്ട്രങ്ങളിലെ നീതിമാന്‍മാര്‍' എന്ന പേരിലാണ് ആദരിക്കുന്നത്.

1944 മാര്‍ച്ച് 24ന് പട്രോളിംഗിന് ഇറങ്ങിയ നാസി പട്ടാളം ഉല്‍മ കുടുംബത്തെ വളയുകയും അവരുടെ കൃഷിയിടത്തില്‍ അഭയം നല്‍കിയിരുന്ന എട്ടു യഹൂദരെ കണ്ടെത്തുകയും അവരെ കൊലപ്പെടുത്തുകയുമായിരിന്നു. അതിനു ശേഷമാണ് നാസികള്‍ വിക്ടോറിയയെയും ജോസഫിനെയും കൊലപ്പെടുത്തുന്നത്. കൊലചെയ്യപ്പെടുമ്പോള്‍ വിക്ടോറിയ 7 മാസം ഗര്‍ഭവതിയായിരുന്നു. തങ്ങളുടെ മാതാപിതാക്കളെ കൊല്ലുന്നത് കണ്ട് നിലവിളിച്ച കുട്ടികളെയും നാസികള്‍ വെടിവെച്ച് കൊലപ്പെടുത്തി. സ്റ്റാനിസ്ലോ (8), ബാര്‍ബറ (7), വ്ലാഡിസ്ലോ (6), ഫ്രാന്‍സിസെക് (4), അന്റോണി (3), മരിയ (2) എന്നിവരാണ് കൊലചെയ്യപ്പെട്ട കുട്ടികള്‍.

ഉല്‍മ കുടുംബത്തിന്റെ വീട്ടില്‍ നിന്നും നല്ല സമരിയാക്കാരന്റെ ഉപമ പറയുന്ന ഭാഗത്തില്‍ ചുവന്ന മഷിയാല്‍ അടിവരയിട്ടിരിക്കുന്ന ഒരു ബൈബിള്‍ കണ്ടെത്തിയിരുന്നുവെന്ന് നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായ ഫാ. വിറ്റോള്‍ഡ് ബുര്‍ഡ വെളിപ്പെടുത്തിയിരിന്നു. സഹായത്തിനായി തങ്ങളുടെ വാതില്‍ക്കല്‍ മുട്ടുന്ന ഏവരേയും സഹായിക്കുവാന്‍ സദാ സന്നദ്ധരായിരുന്നു ജോസഫ്- വിക്ടോറിയ ദമ്പതികളെന്ന്‍ പറഞ്ഞ പോസ്റ്റുലേറ്റര്‍, ദൈവത്തെ സ്നേഹിക്കുവാനും അയല്‍ക്കാരനെ സ്നേഹിക്കുവാനുമുള്ള കല്‍പ്പനകളോടുള്ള വിശ്വാസത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്തതായിരുന്നു ഉല്‍മ കുടുംബമെന്നും കൂട്ടിച്ചേര്‍ത്തു. വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വിശ്വാസികള്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

Tag: Beatification date announced for married couple with seven children martyred by Nazis, Church in Poland, beatification cause, Catholic Church in Poland, Józef and Wiktoria Ulma , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »