News - 2025
ഭൂകമ്പത്തിനിരയായ ഏഴായിരത്തോളം പേരെ സഹായിച്ചതായി തുർക്കി അപ്പസ്തോലിക് വികാരി
പ്രവാചകശബ്ദം 22-02-2023 - Wednesday
അനാറ്റോളി: ഭൂകമ്പത്തിനു ഇരയായി അതികഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന തുര്‍ക്കിയിലെ ഏഴായിരത്തിലധികം പേരെ സഹായിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന്‍ അനാറ്റോളിയിലെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് പാവ്ലോ ബിസെറ്റി. ഇക്കഴിഞ്ഞ ഫെബ്രുവരി 21-ന് എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തിലാണ് 15 ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷണം, അഭയം ഉള്‍പ്പെടെയുള്ള അനേകം കാര്യങ്ങള്‍ ആയിരങ്ങള്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തിയത്. കഴിഞ്ഞ രാത്രിയില്‍ റിക്ടര്‍ സ്കെയിലില്‍ 6.4, 5.8 തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടര്‍ ചലനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നതിനു കാരണമായെന്നും ഭൂകമ്പത്തേത്തുടര്‍ന്നുള്ള അടിയന്തിരാവസ്ഥ വളരെക്കാലം നീളുമെന്നും, മാധ്യമങ്ങള്‍ക്ക് ഇതിലുള്ള താല്‍പ്പര്യം കുറഞ്ഞുതുടങ്ങുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷണം, അഭയം തുടങ്ങിയവ നല്‍കിക്കൊണ്ട് ക്രൈസ്തവരും, മുസ്ലീങ്ങളും അടങ്ങുന്ന ഏതാണ്ട് ഏഴായിരത്തോളം പേരെ സഹായിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. ഏതാണ്ട് എണ്‍പത് ശതമാനത്തോളം തകര്‍ന്നടിഞ്ഞ അന്ത്യോക്യയിലും, 30% തകര്‍ന്നടിഞ്ഞ അലെജാന്‍ഡ്രേറ്റായിലും അവശ്യ സാധനങ്ങള്‍ ആവശ്യമുണ്ട്. ഭൂകമ്പം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും പല സ്ഥലങ്ങളില്‍ വെള്ളം ലഭ്യമായി തുടങ്ങിയിട്ടില്ല. ഇതിനുപുറമേ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് മനശാസ്ത്രപരമായ സേവനങ്ങളും ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയ മെത്രാന്‍, ഈ കഷ്ടതകള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലെ ഐക്യവും, സൗഹൃദവും കാണുന്നത് തന്നെ ഒരു വലിയ കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
സമീപകാലത്ത് വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുവാന്‍ കഴിഞ്ഞതില്‍ മെത്രാന്‍ നന്ദി പ്രകടിപ്പിച്ചു. തുര്‍ക്കി ജനതയോട് കാണിച്ച അടുപ്പവും, സ്നേഹവും, ഐക്യവും ജനങ്ങള്‍ക്ക് വളരെയേറെ ആശ്വാസം പകര്‍ന്നുവെന്നും മെത്രാന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 6-ന് രാവിലെയാണ് റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുര്‍ക്കിയേയും വടക്കന്‍ സിറിയയേയും പിടിച്ച് കുലുക്കിയത്. 42,000-ത്തിലധികം പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ട്ടമായത്. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.