Youth Zone - 2024
റുവാണ്ടയില്‍ കത്തോലിക്ക സഭയുടെ നയം പിന്തുടര്‍ന്ന് പ്രൊട്ടസ്റ്റന്‍റ് സമിതിയും ആശുപത്രികളില്‍ അബോര്‍ഷന് വിലക്കേര്‍പ്പെടുത്തി
പ്രവാചകശബ്ദം 01-03-2023 - Wednesday
കിഗാലി: ജീവന്റെ മഹത്വം മാനിച്ചുള്ള കത്തോലിക്ക സഭയുടെ നയം പിന്തുടര്‍ന്നുകൊണ്ട് മധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെ പ്രൊട്ടസ്റ്റന്‍റ് സമിതിയും അബോര്‍ഷന് വിലക്കേര്‍പ്പെടുത്തി. ഇനിമുതല്‍ ഭ്രൂണഹത്യ നടത്തരുതെന്ന് റുവാണ്ടന്‍ പ്രൊട്ടസ്റ്റന്റ് കൗണ്‍സില്‍ (സി.പി.ആര്‍) തങ്ങളുടെ കീഴിലുള്ള എല്ലാ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇരുപത്തിയാറോളം പ്രൊട്ടസ്റ്റന്റ് സംഘടനകള്‍ ഒപ്പിട്ടിരിക്കുന്ന നിര്‍ദ്ദേശത്തില്‍ ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ജീവനെടുക്കുന്നത് പാപമാണെന്ന ക്രിസ്ത്യന്‍ വിശ്വാസത്തെ ആവര്‍ത്തിക്കുന്നതിനു പുറമേ, തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് മുന്‍പുള്ള ലൈംഗീകവിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
നമ്മെ സംബന്ധിച്ചിടത്തോളം നമുക്കൊരു വിശ്വാസമുണ്ടെന്നും വിശ്വാസത്തെ നിയമം കൊണ്ട് എടുത്തുകളയുക സാധ്യമല്ലായെന്നും നമ്മുടെ വിശ്വാസം ഭ്രൂണഹത്യ അനുവദിക്കുന്നില്ലായെന്നും റുവാണ്ടയിലെ ആംഗ്ലിക്കന്‍ സഭാതലവനായ ലോറന്റ് എംബാന്‍ഡ പറഞ്ഞു. റുവാണ്ടയിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന കേന്ദ്രങ്ങളുടെ 30% കത്തോലിക്ക സഭയുടെ കീഴിലും 10% പെന്തക്കോസ്തല്‍ സമിതിയുടെ കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്. 1.3 കോടിയോളം വരുന്ന റുവാണ്ടന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ് (93.2 ശതമാനം). അതിനാല്‍ തന്നെ ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ സംരക്ഷണം സംബന്ധിച്ച സഭാ കാഴ്ചപ്പാടുകള്‍ക്ക് രാജ്യത്ത് പ്രത്യേക പ്രാധാന്യമുണ്ട്.
മേരി സ്റ്റോപ്സ് സ്ഥാപിച്ച അബോര്‍ഷന്‍ സേവന ദാതാക്കളായ മേരി സ്റ്റോപ്സ് ഇന്റര്‍നാഷണലിന് ലോകമെമ്പാടുമുള്ള 37 രാഷ്ട്രങ്ങളിലായി ഏതാണ്ട് 600-ലധികം അബോര്‍ഷന്‍ ക്ലിനിക്കുകള്‍ ഉണ്ട്. ഇവയില്‍ പലതും സബ്-സഹാരന്‍ മേഖലയിലെ കറുത്തവര്‍ഗ്ഗക്കാരെയാണ് ലക്ഷ്യംവെച്ചിരിക്കുന്നത്. ബുര്‍ക്കിനാ ഫാസോ, ഘാന, കോംഗോ, മാലി, എത്യോപ്യ, നൈജീരിയ, സെനഗല്‍, നൈജര്‍, കെനിയ, സിയറ ലിയോണ്‍, ഉഗാണ്ട, ടാന്‍സാനിയ, മലാവി, മഡഗാസ്കര്‍, ദക്ഷിണാഫ്രിക്ക, സാംബിയ, സിംബാവേ തുടങ്ങിയ രാഷ്ട്രങ്ങളില്‍ സംഘടനയുടെ കാര്യാലയമോ അല്ലെങ്കില്‍ ഭ്രൂണഹത്യ ക്ലിനിക്കോ പ്രവര്‍ത്തിക്കുന്നുണ്ട്. 2019-ല്‍ മാത്രം ഏതാണ്ട് 26,28,900 ആഫ്രിക്കന്‍ കുരുന്നുകള്‍ ഭ്രൂണഹത്യയിലൂടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സംഘടനയുടെ വെബ്സൈറ്റിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. യൂറോപ്പിലും, തെക്ക്-വടക്കന്‍ അമേരിക്കയിലും, ഓസ്ട്രേലിയയിലും സംഘടന നടത്തിയ ഭ്രൂണഹത്യയുടെ ആകെത്തുകയുടെ ഇരട്ടിയോളം വരുമിത്.