Life In Christ

ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ പാക്ക് മന്ത്രി ഷഹ്ബാസ് ഭട്ടിയുടെ സ്മരണയില്‍ ക്രൈസ്തവര്‍

പ്രവാചകശബ്ദം 04-03-2023 - Saturday

സഹിവാള്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശ ലംഘനങ്ങള്‍ക്കും, ഭീകരവാദത്തിനുമെതിരെ പോരാടിയതിന്റെ പേരില്‍ ഇസ്ലാമിക തീവ്രവാദികള്‍ അരുംകൊല ചെയ്ത പാക്കിസ്ഥാനിലെ ഏക ക്രൈസ്തവ മന്ത്രിയായിരുന്ന ഷഹ്ബാസ് ഭട്ടിയുടെ സ്മരണയില്‍ ക്രൈസ്തവര്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 2-നായിരുന്നു ഷഹ്ബാസ് ഭട്ടിയുടെ പന്ത്രണ്ടാമത് ചരമ വാര്‍ഷികം. ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ ദേവാലയങ്ങളില്‍ സമാധാനത്തിനും, ഐക്യത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ഭട്ടി പകര്‍ന്ന വിശ്വാസ സാക്ഷ്യത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട്, പഞ്ചാബിലെ സാഹിവാള്‍ പട്ടണത്തിലെ ക്രൈസ്തവര്‍ സമാധാന റാലിയും ജാഗരണ പ്രാര്‍ത്ഥനയും നടത്തി.

കന്യാസ്ത്രീകള്‍, മതാധ്യാപകര്‍, യുവതീ-യുവാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേര്‍ പ്രകടനത്തില്‍ പങ്കുകൊണ്ടു. സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നും, മതനിന്ദ നിയമത്തിന്റെ ദുരുപയോഗവും തടയണമെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ‘മതമൗലീക വാദത്തിനും, തീവ്രവാദത്തിനും' എതിരേ നിലകൊണ്ട ഒരു ധീര നേതാവായിരുന്നു ഷഹ്ബാസ് ഭട്ടിയെന്ന് പ്രാദേശിക കത്തോലിക്കാ യുവജന സംഘടനയുടെ നേതാവായ അഷ്കനാസ് ഖോഖാര്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. മുഖ്യധാര രാഷ്ട്രീയത്തില്‍ സജീവമാവുകയും, ഷഹ്ബാസ് ഭട്ടിയേപ്പോലെ മനുഷ്യാവകാശങ്ങള്‍ക്കും, സമാധാനത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ മാത്രമേ ക്രൈസ്തവര്‍ക്ക് തങ്ങളുടെ മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മതനിന്ദാനിയമത്തിന്റെ ദുരുപയോഗത്തിനെതിരെയും, മതനിന്ദാ നിയമത്തിനു ഇരയായ ആസിയ ബീബിക്ക് വേണ്ടിയും ശബ്ദമുയര്‍ത്തിയതിനാലാണ് ഷഹ്ബാസ് ഭട്ടി കൊല്ലപ്പെട്ടതെന്നു പ്രകടനത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ജോസഫൈന്‍ മൈക്കേല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് നിസ്സഹായരായവരുടെ അവകാശങ്ങള്‍ക്കും, അന്തസ്സിനും വേണ്ടി ശബ്ദമുയര്‍ത്തേണ്ടത് നമ്മുടെ ദൗത്യമാണെന്നും സിസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു. “മനുഷ്യാവകാശങ്ങളുടെ മഹാനായ സംരക്ഷകന്‍” എന്നാണ് ‘ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാന്‍’ന്റെ പ്രസിഡന്റായ നവീദ് വാള്‍ട്ടര്‍, ഷഹ്ബാസ് ഭട്ടിയെ വിശേഷിപ്പിച്ചത്. മതന്യൂനപക്ഷങ്ങള്‍ക്ക് 5% തൊഴില്‍ സംവരണം, സെനറ്റില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പ്രാതിനിധ്യം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനകളാണെന്ന കാര്യം ചൂണ്ടിക്കാട്ടിയ വാള്‍ട്ടര്‍, ഭട്ടിയുടെ കൊലയാളികളേയും, അതിന് സഹായിച്ചവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരുന്നു ഭട്ടി, പാക്കിസ്ഥാനിലെ മതന്യൂനപക്ഷ, മനുഷ്യാവകാശ സംരക്ഷണത്തിന്റെ ശക്തനായ വക്താവായിരുന്നു. നിരവധി തവണ ഭീഷണിയുണ്ടായിട്ടും അദ്ദേഹം സധൈര്യമാണ് തന്റെ പോരാട്ടം തുടര്‍ന്നത്. താന്‍ യേശുക്രിസ്തുവിലാണ് വിശ്വസിക്കുന്നതെന്നും ക്രൈസ്തവര്‍ക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം തുറന്ന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകളും, മതനിന്ദ ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും ഭട്ടിയെ ഇസ്ലാമിക തീവ്രവാദികളുടെ കണ്ണിലെ കരടാക്കി മാറ്റുകയായിരിന്നു.

ന്യൂനപക്ഷ വകുപ്പ് മന്ത്രിയായി അധികാരത്തില്‍ കയറിയതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ 2012 മാര്‍ച്ച് 2-നാണ് തെഹരീക് ഇ-താലിബാന്‍ എന്ന ഇസ്ലാമിക തീവ്രവാദി സംഘടന ഷഹ്ബാസ് ഭട്ടിയെ കൊലപ്പെടുത്തിയത്. 2016-ല്‍ ഭട്ടിയുടെ നാമകരണ നടപടികള്‍ക്ക് ഇസ്ലാമാബാദ്-റാവല്‍പിണ്ടി രൂപത തുടക്കം കുറിച്ചു. ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ നടന്നുവരികയാണ്.


Related Articles »