Faith And Reason

“30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ യേശു എന്റെ ഹൃദയം കീഴടക്കി”; നിരീശ്വരവാദിയായിരിന്ന ക്രിസ്റ്റഫര്‍ ക്രാല്‍ക്കാ ഇന്ന് വൈദികന്‍

പ്രവാചകശബ്ദം 09-03-2023 - Thursday

വാര്‍സോ: രണ്ടു പതിറ്റാണ്ട് മുന്‍പ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നടത്തിയ പോളണ്ട് സന്ദര്‍ശനത്തെ തുടര്‍ന്നു നിരീശ്വരവാദം വിട്ട് കത്തോലിക്ക പൗരോഹിത്യം സ്വീകരിച്ച പോളണ്ട് സ്വദേശിയുടെ തിരുപ്പട്ടത്തിലേക്കുള്ള യാത്ര മാധ്യമ ശ്രദ്ധ നേടുന്നു. 30 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് നിരീശ്വരവാദിയായ ക്രിസ്റ്റഫര്‍ ക്രാല്‍ക്കായുടെ യഥാര്‍ത്ഥ ജീവിതനിയോഗം ദൈവം കാണിച്ചുകൊടുത്തത്. കത്തോലിക്കാ മാധ്യമമായ അലീറ്റിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാ. ക്രിസ്റ്റഫര്‍ തന്റെ ജീവിത കഥ പങ്കുവെയ്ക്കുകയായിരിന്നു. തെക്ക്-കിഴക്കന്‍ പോളണ്ടിലെ കീല്‍സ് സ്വദേശിയായ ക്രിസ്റ്റഫര്‍ പൂര്‍ണ്ണമായും ദൈവവിശ്വാസം ഉപേക്ഷിച്ചു കൊണ്ടുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്. ദേവാലയത്തിന്റെ മുന്നില്‍ കൂടെ പോലും പോകാന്‍ അദ്ദേഹം താത്പര്യപ്പെട്ടിരിന്നില്ല.

ആധുനിക ലോകകാഴ്ചപ്പാടില്ലാത്ത പിന്നോക്ക സ്ഥാപനമെന്ന വിശേഷണമാണ് അദ്ദേഹം തിരുസഭക്കു നല്‍കിയിരിന്നത്. 2002 ആഗസ്റ്റ് 16നാണ് അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പോളണ്ടിലേക്ക് എത്തിചേര്‍ന്നത്. പാപ്പയുടെ പോളണ്ട് സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം തന്നെ ക്രിസ്റ്റഫറിനേ അലോസരപ്പെടുത്തിയിരുന്നു. രാജ്യത്തെ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഈ സംഭവത്തെ താൻ എങ്ങനെ അതിജീവിക്കുമെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. ടെലിവിഷന്‍ ഓണ്‍ ചെയ്യുവാന്‍ പോലും ആദ്യം തനിക്ക് തോന്നിയിരിന്നില്ലായെന്ന് ഫാ. ക്രിസ്റ്റഫര്‍ തുറന്നു സമ്മതിക്കുന്നു. എന്നാല്‍ പാപ്പയുടെ വാക്കുകള്‍ കേള്‍ക്കുവാനുള്ള ശക്തമായ ആന്തരിക സമ്മര്‍ദ്ധം അവനില്‍ നിറയുകയായിരിന്നു. എഫേസോസ് 2:4നെ അടിസ്ഥാനമാക്കി 'ദൈവം കരുണയാല്‍ സമ്പന്നനാണ്' എന്ന വാക്യമായിരുന്നു പാപ്പയുടെ സന്ദര്‍ശനത്തിന്റെ മുഖ്യ പ്രമേയം.

എല്ലാ മനുഷ്യർക്കും വേണ്ടിയാണ് യേശു മരിച്ചത് എന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു. ആ വൃദ്ധന്റെ വാക്കുകൾ എന്നെ വളരെയധികം സ്വാധീനിച്ചു, പാപ്പയുടെ വാക്കുകള്‍ കേട്ട താന്‍ ഒരു തരം ഉന്മാദാവസ്ഥയിലായെന്നു ക്രിസ്റ്റഫര്‍ തുറന്നു സമ്മതിക്കുന്നു. പാപ്പയുടെ വാക്കുകള്‍ സശ്രദ്ധം കേട്ടുകൊണ്ടിരിക്കെ പൂന്തോട്ടപരിപാലനത്തിൽ സഹായിക്കാൻ തന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടപ്പോൾ, മാര്‍പാപ്പയെ ശ്രവിക്കുകയാണെന്ന് പറഞ്ഞു നിരസിച്ചു. അവരെ സഹായിക്കാതിരിക്കാൻ ഞാനൊരു ഒഴിവു പറഞ്ഞതാണെന്ന് അവർ കരുതി! എന്നാൽ എനിക്ക് അത് ദൈവാനുഭവമായിരുന്നു, ആ നിമിഷം എനിക്ക് സന്തോഷവും സ്വാതന്ത്ര്യവും വലിയ സമാധാനവും തോന്നി.

അത് പരിശുദ്ധാത്മാവായിരുന്നുവെന്ന് ഇപ്പോൾ എനിക്കറിയാം. ''ഞാന്‍ നിന്നെ തിരഞ്ഞെടുക്കുവാന്‍ പോകുന്നു'' എന്ന് ദൈവ തിരുമുന്‍പില്‍ സമ്മതിച്ചപ്പോള്‍ തന്നെ, “ഒരു പുരോഹിതനാവുക” എന്ന ദൈവത്തിന്റെ ശബ്ദം കേള്‍ക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ പാപ്പയുടെ വാക്കുകള്‍ കേട്ടത് അവസാനിച്ചപോള്‍, എന്റെ ഉള്ളില്‍ സംശയമുണര്‍ന്നു. തനിക്ക് എന്നെ ഒരു പുരോഹിതനായി വിചാരിക്കുവാന്‍ പോലും കഴിയുകയില്ലായിരുന്നുവെന്ന് ക്രിസ്റ്റഫര്‍ കൂട്ടിച്ചേര്‍ത്തു. പുരോഹിതരെല്ലാം അന്തര്‍മുഖരായിരുന്നു എന്നായിരുന്നു ധാരണ. എന്നാല്‍ അധികം താമസിയാതെ തന്നെ ദൈവം തനിക്കായി ഒരുക്കിയ പാത സന്തോഷത്തോടും, ആനന്ദത്തോടും കൂടി തിരിച്ചറിഞ്ഞു. “വെറും 30 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് 'അതെ' എന്ന പ്രത്യുത്തരം ദൈവത്തിന് നല്‍കിയത്.

"അതൊരു പെട്ടെന്നുള്ള തീരുമാനമായിരുന്നു. കാരണം, ഒന്നുകില്‍ ഞാന്‍ ഇതുവരെ ജീവിച്ചപോലെ പാപത്തില്‍ മുഴുകിയുള്ള ജീവിതം നയിക്കും. അല്ലെങ്കില്‍ പുരോഹിതനായി വെളിച്ചത്തില്‍ ജീവിക്കും. അത് മോശവും നല്ലതുമായ പാതകള്‍ക്കിടയിലെ തെരഞ്ഞെടുപ്പായിരുന്നില്ല. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള തെരഞ്ഞെടുപ്പായിരുന്നു”- ഫാ. ക്രിസ്റ്റഫര്‍ പറയുന്നു. 2009-ലാണ് പള്ളോട്ടിന്‍ സമൂഹാംഗമായി ക്രിസ്റ്റഫര്‍ തിരുപ്പട്ട സ്വീകരണം നടത്തിയത്.

''മുന്‍പ് മുഖം മൂടിയണിഞ്ഞ ഒരു ജീവിതമായിരുന്നു എന്റേത്. എന്നാല്‍ ദൈവത്തിന് എന്റെ മുഖംമൂടി പിച്ചിച്ചീന്തുവാന്‍ കഴിഞ്ഞു. ദൈവം എന്നെ നിരീക്ഷിക്കുകയും, നയിക്കുകയും ചെയ്യുമെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. ജനങ്ങളെ സുവിശേഷവല്‍ക്കരിക്കുന്നതില്‍ ദൈവം എന്നെ സഹായിക്കും''. നമ്മുടെ സഹനങ്ങള്‍ക്കും, ബുദ്ധിമുട്ടുകള്‍ക്കുമുള്ള ഉത്തരമായ ക്രിസ്തുവില്‍ സഭക്ക് ഒരു ഒരു അമൂല്യ നിധിയുണ്ടെന്നു ഇന്നത്തെ യുവജനത മനസ്സിലാക്കുന്നത് ദൗത്യമാണെന്ന്‍ പറഞ്ഞുകൊണ്ടാണ് ഫാ. ക്രിസ്റ്റഫറിന്റെ അഭിമുഖം അവസാനിക്കുന്നത്. ഇന്നു സ്കൂളുകളിലെ സുവിശേഷവത്ക്കരണ പ്രേഷിത പ്രവര്‍ത്തനത്തില്‍ വ്യാപൃതനാണ് ഈ യുവ വൈദികന്‍.


Related Articles »