Youth Zone - 2024
റോമൻ കൂരിയയിൽ 26 ശതമാനവും സ്ത്രീകള്‍: ഫ്രാൻസിസ് പാപ്പയുടെ വരവോടെ വത്തിക്കാനിലെ വനിത ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
പ്രവാചകശബ്ദം 10-03-2023 - Friday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ തിരുസഭയുടെ പരമാധികാരത്തിലെത്തി പത്തുവർഷങ്ങൾ പൂർത്തിയാക്കുമ്പോൾ വത്തിക്കാനിലെ ജോലിക്കാരുടെ എണ്ണത്തിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വർദ്ധിച്ചുവെന്ന് കണക്കുകൾ. വത്തിക്കാൻ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഫ്രാന്‍സിസ് പാപ്പ പത്രോസിന്റെ പിൻഗാമിയായി എത്തിയതോടെ, വത്തിക്കാനിൽ വിവിധ ഓഫീസുകളിൽ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായെന്ന് വത്തിക്കാൻ ന്യൂസ് നടത്തിയ ഒരു സർവ്വേയിൽ വ്യക്തമായി. ആഗോള കത്തോലിക്കാ സഭയുടെ ഭരണ സംവിധാനമായ റോമന്‍ കൂരിയയിലും വര്‍ദ്ധനവ് ദൃശ്യമാണ്.
2013 മാർച്ചിൽ ഫ്രാൻസിസ് പാപ്പ സഭയുടെ പരമാധികാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 846 സ്ത്രീകളായിരുന്നു വത്തിക്കാനിൽ ജോലി ചെയ്തിരുന്നത്. എന്നാൽ അന്നത്തെ 19.2 ശതമാനത്തിൽനിന്ന് 23.4 ശതമാനത്തിലേക്ക് സ്ത്രീ ജീവനക്കാരുടെ എണ്ണം വളർന്നു. നിലവിലെ കണക്കുകൾ പ്രകാരം വത്തിക്കാന്റെ വിവിധ സേവനവിഭാഗങ്ങളിലായി 1165 സ്ത്രീകളാണ് ജോലി ചെയ്യുന്നത്. വത്തിക്കാൻ രാജ്യത്തും, പരിശുദ്ധ സിംഹാസനത്തിന്റെ വിവിധ ഓഫീസുകളിലുമായി ജോലിചെയ്യുന്ന സ്ത്രീകളുടെ മൊത്തം എണ്ണമാണ് ഇത്. നാളിതുവരെയുള്ള തിരുസഭ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വനിതകൾ വത്തിക്കാൻ ഓഫീസുകളിൽ സേവനമനുഷ്ഠിക്കുന്നത്. റോമൻ കൂരിയയിൽ മാത്രം സേവനമനുഷ്ഠിക്കുന്ന സ്ത്രീകളുടെ അനുപാതം ഇതിലും ഏറെയാണ്.
നിലവിൽ റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്നവരിൽ 26 ശതമാനവും സ്ത്രീകളാണ്. ഇതനുസരിച്ച് റോമൻ കൂരിയയിലെ 3114 ജോലിക്കാരിൽ 812 പേരും സ്ത്രീകളാണ്. വത്തിക്കാനിലെ സ്ത്രീകളിൽ ഭൂരിഭാഗവും ആറും ഏഴും ഗ്രേഡ് ജീവനക്കാരാണെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണയായി ഒരു അക്കാദമിക് ബിരുദം എങ്കിലും ഉള്ളവർക്കാണ് ഇത്തരത്തിലുള്ള ജോലികൾ ലഭ്യമാകുന്നത്. ഒന്നുമുതൽ പത്തുവരെയുള്ള ഗ്രേഡുകളാണ് വത്തിക്കാൻ ജോലിക്കാർക്കിടയിൽ ഉള്ളത്. 2022-ലെ കണക്കുകൾ പ്രകാരം കൂരിയയിൽ ജോലിചെയ്യുന്ന സ്ത്രീകളിൽ 43% സ്ത്രീകളും ആറാമത്തെയും ഏഴാമത്തെയും ഗ്രേഡുകളിലാണ് ജോലി ചെയ്യുന്നത്. സഭയിലെ മര്‍മ്മ പ്രധാനമായ പല സ്ഥാനങ്ങളിലും വനിതകള്‍ക്ക് പ്രാതിനിധ്യം നല്കി ശ്രദ്ധ നേടിയ പത്രോസിന്റെ പിന്‍ഗാമി കൂടിയാണ് ഫ്രാന്‍സിസ് പാപ്പ.