News - 2025
തായ്‌വാനിൽ നിന്നുള്ള ബുദ്ധ മത പ്രതിനിധികള്‍ വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
പ്രവാചകശബ്ദം 18-03-2023 - Saturday
വത്തിക്കാന്‍ സിറ്റി; തായ്‌വാനിൽ നിന്നുള്ള ബുദ്ധമത പ്രതിനിധികള്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. തായ്‌വാനിൽ ബുദ്ധമതത്തിന്റെ ഫോ ഗുവാങ് ഷാൻ ആശ്രമസ്ഥാപകനായ മാസ്റ്റർ ഹ്‌സിങ് യൂനിന്റെ മരണശേഷം നടക്കുന്ന ഈ ആദ്യ കൂടിക്കാഴ്ചയിൽ മാസ്റ്റർ യൂൻ പാപ്പ നല്‍കിയ സംഭാവനകള്‍ക്ക് നന്ദിയര്‍പ്പിച്ചു. പരസ്പരം വളരാനും, മറ്റുള്ളവരിൽനിന്ന് കൂടുതലായി പഠിക്കാനും കൂടിക്കാഴ്ച സഹായിക്കുമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. മറ്റൊരു മതത്തിന്റെ പുണ്യസ്ഥലത്തേക്കുള്ള ഇത്തരം തീർത്ഥാടനങ്ങൾ, ദൈവികതയോടുള്ള അതിന്റെ സമീപനത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള നമ്മുടെ അറിവ് കൂടുതൽ സമ്പന്നമാകാൻ കാരണമാകുമെന്ന് പാപ്പ പറഞ്ഞു. റോമിലേക്കുള്ള തീർത്ഥാടനം, പരസ്പരമുള്ള കണ്ടുമുട്ടലുകളിലൂടെ, അറിവിലും ജ്ഞാനത്തിലും, സംവാദങ്ങളിലും പരസ്പരം അംഗീകരിക്കുനന്തിലും വളരാനും സഹായിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.
വത്തിക്കാനിലും റോമിലും വിശ്വാസവുമായി ബന്ധപ്പെട്ടുള്ള കലാപരമായ സൃഷ്ടികൾ യേശുവിലൂടെ ദൈവം മനുഷ്യകുലത്തോടുള്ള സ്നേഹത്താൽ ലോകത്ത് ഒരു തീർത്ഥാടകനായിത്തീർന്നുവെന്ന് മനസിലാക്കാൻ സഹായിക്കും. ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം, മനുഷ്യാവതാരം ചെയ്ത ദൈവം നമ്മെ വിശുദ്ധിയുടെ തീർത്ഥാടനത്തിലൂടെ നയിക്കുകയും ദൈവീകതയിൽ പങ്കുകാരാകുവാൻ വിളിക്കുകയും ചെയ്യുന്നുവെന്ന് പത്രോസിന്റെ രണ്ടാം ലേഖനത്തെ (2 Pt 1,4) പരാമർശിച്ചുകൊണ്ട് പാപ്പ പറഞ്ഞു. മാർച്ച് 17 വ്യാഴാഴ്ചയാണ് തായ്‌വാനിൽനിന്നുള്ള ബുദ്ധ മതത്തിന്റെ പ്രതിനിധികളെ പാപ്പ വത്തിക്കാനിൽ സ്വീകരിച്ചത്. രാജ്യത്തു നിന്നുള്ള കത്തോലിക്ക പ്രതിനിധികളും ഇവരോടൊപ്പമുണ്ടായിരിന്നു.
