Arts - 2025
പ്രമുഖ ശില്‍പ്പി ബെർണിനിയുടെ ക്രിസ്തു ശില്പം റോമിലെ എയർപോർട്ടിൽ പ്രദർശനത്തിന്
പ്രവാചകശബ്ദം 21-04-2023 - Friday
വത്തിക്കാന്‍ സിറ്റി: പ്രശസ്ത ശില്പി ബെർണിനി രൂപം നൽകിയ സാൽവത്തോർ മുണ്ടി (ലോകത്തിന്റെ രക്ഷകൻ) എന്ന പേരിൽ അറിയപ്പെടുന്ന ക്രിസ്തു ശില്പം റോമിലെ ലിയനാർഡോ ഡാവിഞ്ചി എയർപോർട്ടിൽ പ്രദർശനത്തിന്. നവീകരിച്ച ടെർമിനൽ 1 വീണ്ടും യാത്രക്കാർക്ക് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പ്രദർശനം അധികൃതർ സംഘടിപ്പിച്ചത്. ഏപ്രിൽ പന്ത്രണ്ടാം തീയതിയാണ് പ്രദർശനം ആരംഭിച്ചത്.
1679-ല്‍ ബെർണിനി മാർബിൾ ഉപയോഗിച്ചാണ് സാൽവത്തോർ മുണ്ടി നിർമ്മിക്കുന്നത്. മരണത്തിനു മുന്‍പ് അദ്ദേഹം നിർമ്മിച്ച ഏറ്റവും അവസാനത്തെ രൂപമായിരുന്നു ഇത്. അനുഗ്രഹിക്കാനായി ക്രിസ്തു കരങ്ങൾ നീട്ടുന്നതു പോലെയാണ് ശില്പത്തിന് രൂപം നൽകിയിരിക്കുന്നത്. റോമിലെ സെന്‍റ് സെബസ്ത്യാനോ ഫ്യൂറി ലി മുറ ബസിലിക്കയിലാണ് ശില്പം സാധാരണയായി സൂക്ഷിക്കുക. ശില്പം എയർപോർട്ടിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടി അധികൃതർ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു.
ഇറ്റലിയുടെ കലയും, സംസ്കാരവും സ്വദേശികളുടെയും വിദേശികളുടെയും ഇടയിലും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു തീരുമാനം അധികൃതർ എടുത്തത്. 'ദ ആർട്ട് ന്യൂസ്' പേപ്പർ നൽകുന്ന വിവരം അനുസരിച്ച് നാല് ആഴ്ചകളോളം പ്രദർശനം തുടരും. ഇറ്റലിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ലിയനാർഡോ ഡാവിഞ്ചി എയർപോർട്ട്. 60 ലക്ഷത്തോളം യാത്രക്കാരാണ് എയർപോർട്ടിലൂടെ ഓരോ വർഷവും കടന്നു പോകുന്നത്. വത്തിക്കാനിൽ അടക്കം നിരവധി നിർമ്മിതികൾക്ക് രൂപം നൽകിയ പ്രശസ്തനായ ശില്പിയായിരുന്നു ബെർണിനി.