India - 2024

ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ: ജെ.ബി കോശി കമ്മീഷൻ സർക്കാരിന് റിപ്പോര്‍ട്ട് സമർപ്പിച്ചു

പ്രവാചകശബ്ദം 18-05-2023 - Thursday

തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ് സി നിയമനങ്ങളിൽ സംവരണ ഊഴത്തിൽ മാറ്റം വരുത്തി മുന്നിലേക്കു കൊണ്ടുവരണമെന്നതുൾപ്പെടെ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ചു. രാവിലെ സെക്രട്ടേറിയറ്റിലെ ചേംബറിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ജസ്റ്റിസ് ജെ.ബി.കോശി റിപ്പോർട്ട് സമർപ്പിച്ചത്. കമ്മീഷൻ അംഗങ്ങളായ മുൻ ഡിജിപി ജേക്കബ് പുന്നൂസ്, മെംബർ സെക്രട്ടറിയും റിട്ട. ജില്ലാ ജഡ്ജിയുമായ സി.വി ഫ്രാൻസിസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

മദ്രസാ അധ്യാപകരുടേതുപോലെ സൺഡേ സ്കൂൾ അധ്യാപകർക്കും ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ കമ്മീഷനു മുൻപാകെ വന്നിരുന്നു. ഇതും പ്രതിപാദിച്ചിട്ടുണ്ടെന്നാണ് സൂചന. ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ് വിതരണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവുള്ളതിനാൽ സ്കോളർഷിപ്പിന്റെ കാര്യത്തിൽ കമ്മീഷൻ മാറ്റങ്ങൾ നിർദേശിക്കുന്നില്ല. പട്ടികജാതി വിഭാഗത്തിൽ നിന്നു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരും തീരദേശവാസികളുമാണ് ഏറ്റവും പിന്നാക്കം നിൽക്കുന്നതെന്നും അവരുടെ ഉന്നമനത്തിനായി പ്രത്യേക കമ്മീഷൻ രൂപീകരിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.

തീരദേശവാസികളുടെ പുനരധിവാസത്തിന് കൂടുതൽ മെച്ചപ്പെട്ട പാക്കേജ് നടപ്പാക്കണം.മലയോര മേഖലയിൽ മനുഷ്യ, വന്യജീവി സംഘർഷം കുറയ്ക്കാൻ നടപടികൾ ഉൾപ്പെടെ 500 നിർദേശങ്ങളാണ് രണ്ടു വാല്യമുള്ള റിപ്പോർട്ടിലുള്ളത്. നേരത്തെ ലക്ഷകണക്കിന് പരാതികളാണ് കമ്മീഷനു മുന്നിലെത്തിയത്.

ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് വിഷയത്തിൽ വിവാദമായ 80:20 എന്ന അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതത്തിൽ വേണമെന്ന് ഹൈക്കോടതി ഉത്തരവ് സർക്കാർ നടപ്പാക്കിയതിന് പിന്നാലെ മുസ്ലിം വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് സംസ്ഥാന സർക്കാർ തന്നെ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതു സമൂഹത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് ജെ‌.ബി കോശി കമ്മീഷനെ നിയമിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


Related Articles »