India - 2024
സീറോ മലബാർ സഭയുടെ യാമ പ്രാർത്ഥനകൾ രണ്ടാം വാല്യം പ്രകാശനം ചെയ്തു
പ്രവാചകശബ്ദം 20-05-2023 - Saturday
കാക്കനാട്: സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വെച്ച് സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് യാമപ്രാർത്ഥനകളുടെ രണ്ടാം വാല്യം സിഎംഐ സന്യാസ സമൂഹത്തിന്റെ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിലിന് നൽകികൊണ്ട് പ്രകാശനം ചെയ്തു. രണ്ടാം വാല്യത്തിൽ പൊതുക്രമത്തോടൊപ്പം ആരാധനാക്രമത്തിലെ ശ്ലീഹാക്കാലം മുതൽ പള്ളിക്കൂദാശക്കാലം വരെയുള്ള പ്രാർത്ഥനകളും ഗീതങ്ങളും ഉൾകൊള്ളുന്നു.
സീറോമലബാർസഭയുടെ സമ്പന്നമായ സഭാകേന്ദ്രീകൃത പ്രാർത്ഥനാപൈതൃകം രണ്ടാം വാല്യം പ്രതിഫലിപ്പിക്കുന്നു. പന്തക്കുസ്താ തിരുനാൾ മുതൽ ഈ വാല്യത്തിലെ പ്രാർത്ഥനകൾ ആരംഭിക്കും. പ്രകാശനകർമ്മത്തിൽ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ലിറ്റർജി കമ്മീഷൻ മുൻ സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, ലിറ്റർജി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജിഫി മേക്കാട്ടുകുളം, കൂരിയായിൽ ശുശ്രൂഷ ചെയ്യുന്ന മറ്റു വൈദികർ, സന്ന്യസ്തർ എന്നിവരും സന്നിഹിതരായിരുന്നു.