News

"ഈ നഗരം യേശുവിന്റേതാണ്"; ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ദിവ്യകാരുണ്യ നാഥന്‍, അനുഗമിച്ച് ആയിരങ്ങള്‍

പ്രവാചകശബ്ദം 01-06-2023 - Thursday

ന്യൂയോര്‍ക്ക്: ആഗോള പ്രസിദ്ധമായ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ സംഘടിപ്പിക്കപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികൾ. പെന്തക്കുസ്ത തിരുനാളിന്റെ തലേദിവസം മെയ് ഇരുപത്തിയേഴാം തീയതി സംഘടിപ്പിക്കപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണം ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദിവ്യകാരുണ്യ പ്രദക്ഷിണമായാണ് കരുതപ്പെടുന്നത്.

ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പ്രകാരം ഏകദേശം നാലായിരത്തോളം വിശ്വാസികള്‍ പ്രദക്ഷിണത്തിൽ പങ്കെടുത്തു. ന്യൂയോർക്ക് സഹായ മെത്രാൻ ജോസഫ് എസ്പേയിലാത്ത് നേതൃത്വം നൽകിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ വൈദികരും, സന്യസ്തരും, അല്‍മായരും ഭാഗഭാക്കായി.

"ഈ നഗരം യേശു ക്രിസ്തുവിന്റേതാണ്" എന്നതായിരുന്നു പ്രദക്ഷിണത്തിന്റെ ആപ്തവാക്യം. സെന്റ് ആന്റണി കത്തോലിക്ക ഇടവകയുടെ ഭാഗമായ ഹിസ്പാനിക്ക് കാത്തലിക്ക് കരിസ്മാറ്റിക് സെന്ററിന്റെ നേതൃത്വത്തിലാണ് സംഘാടകർ ഈശോയുടെ ജീവിക്കുന്ന സാന്നിധ്യത്തെ സ്തുതിച്ച് പ്രദക്ഷിണം ഒരുക്കിയത്. രണ്ടു മണിക്കൂർ നീണ്ടുനിന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ന്യൂയോർക്കിലെ പ്രശസ്തമായ സെന്റ് പാട്രിക് കത്തീഡ്രലിൽ സമാപിച്ചു.

പെന്തക്കുസ്തയുടെ അന്ന് പരിശുദ്ധാത്മാവ് വർഷിക്കപ്പെട്ട കാര്യം ഓർമ്മിപ്പിച്ച ബിഷപ്പ് ജോസഫ് എസ്പേയിലാത്ത് പരിശുദ്ധാത്മാവിന്റെ ശക്തി ഇല്ലായിരുന്നുവെങ്കിൽ തങ്ങൾ ഇപ്പോൾ അവിടെ സന്നിഹിതരാകില്ലായിരുന്നുവെന്ന് പറഞ്ഞു. ഞാൻ ഈ നഗരത്തെ സ്നേഹിക്കുന്നു! ഞാൻ ന്യൂയോർക്കിനെ സ്നേഹിക്കുന്നു! അതിനാലാണ് ഞാനിവിടെ നിൽക്കുന്നത്. എനിക്ക് ഈ നഗരത്തിനു വേണ്ടി പ്രാർത്ഥിക്കണം. "ഇതെന്റെ നഗരമാണ്! ഇതെന്റെ നഗരമാണ്! ഇത് യേശുക്രിസ്തുവിന്റെ നഗരമാണ്" - ബിഷപ്പ് ജോസഫ് എസ്പേയിലാത്ത് ഉറക്കെ പ്രഘോഷിച്ചു.

ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമാണ്. ഇതുപോലെ ഒരു കാഴ്ച ന്യൂയോർക്കിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലായെന്നു ഫോട്ടോ ജേണലിസ്റ്റായ ജെഫ്രി ബ്രൂണോ പറഞ്ഞു. ന്യൂയോർക്കിലെ കൂറ്റൻ കെട്ടിടങ്ങളുടെ ഇടയിൽ ദിവകാരുണ്യം ആശീര്‍വാദത്തിനായി ഉയർത്തുമ്പോൾ വിശ്വാസികൾ മുട്ടുകുത്തി നിൽക്കുന്ന മനോഹരമായ രംഗങ്ങൾ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിയിരിന്നു.




Related Articles »