News
ആഭ്യന്തര യുദ്ധം: സുഡാനില്‍ അവശേഷിക്കുന്ന ക്രൈസ്തവരുടെ ജീവന്‍ അപകടത്തിലെന്ന് വെളിപ്പെടുത്തല്‍
പ്രവാചകശബ്ദം 01-08-2023 - Tuesday
ഖാര്‍തൂമ്: വടക്ക്-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സര്‍ക്കാര്‍ സൈന്യവും, അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന്‍ രാജ്യത്ത് അവശേഷിക്കുന്ന ക്രിസ്ത്യാനികളുടെ കാര്യം ദയനീയമാണെന്നും, അവരുടെ ജീവന്‍ അപകടത്തിലാണെന്നും കത്തോലിക്ക മിഷ്ണറി വൈദികന്‍. നിരവധി ക്രിസ്ത്യാനികള്‍ പലായനം ചെയ്യുകയും, രക്ഷപ്പെടുകയും ചെയ്തുവെങ്കിലും, സംഘര്‍ഷം തലസ്ഥാന നഗരമായ ഖാര്‍തൂമിലേക്കും മറ്റ് ജനവാസ മേഖലകളിലേക്കും വ്യാപിക്കുന്നതോടെ രാജ്യത്ത് അവശേഷിക്കുന്ന ക്രൈസ്തവരുടെ ജീവന്‍ അപകടത്തിലാവുമെന്ന്‍ ഫാ. ജോര്‍ജ്ജ് കാര്‍ലോസ് നാരാഞ്ചോ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’നോട് വെളിപ്പെടുത്തി.
കമാന്‍ഡ് സെന്ററാക്കി പരിവര്‍ത്തനം ചെയ്ത ഖാര്‍തൂമൈല്‍ കോപ്റ്റിക് കത്തീഡ്രല്‍ ഉള്‍പ്പെടെ നിരവധി ദേവാലയങ്ങള്‍ ‘ആര്‍എസ്എഫ്’ന്റെ ആക്രമണത്തിനിരയായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒംദുര്‍മാനിലെ കോപ്റ്റിക് കത്തീഡ്രലും ആക്രമണത്തിനിരയാവുകയും കൊള്ളിയടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അക്രമികള്‍ നിരവധി കാറുകള്‍ മോഷ്ടിക്കുകയും, മെത്രാനേയും, മറ്റൊരു പുരോഹിതനേയും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഖാര്‍തൂമിലെ ഓള്‍ സെയിന്റ്സ് എപ്പിസ്കൊപ്പല്‍ കത്തീഡ്രലും ആക്രമിക്കപ്പെട്ട ദേവാലയങ്ങളില്‍ ഉള്‍പ്പെടുന്നു.
ആക്രമിക്കപ്പെട്ട ദേവാലയങ്ങളില്‍ പല ദേവാലയങ്ങളും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. കോപ്റ്റിക് ക്രൈസ്തവരുടെ ചര്‍മ്മത്തിന്റെ നിറത്തിന്റെ പേരില്‍ അവര്‍ യഥാര്‍ത്ഥ സുഡാനികള്‍ അല്ലെന്ന് പറഞ്ഞ് ആര്‍.എസ്.എഫ് അവഹേളിക്കുകയും ചെയ്യുന്നുണ്ട്. സംഘര്‍ഷ മേഖലകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമോ, വെള്ളമോ, വൈദ്യതിയോ ലഭിക്കുന്നില്ലെന്നും, ജനങ്ങളുടെ വീടുകള്‍ ആര്‍.എസ്.എഫ് പട്ടാളക്കാര്‍ കയ്യടക്കിയിരിക്കുകയാണെന്നും, നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും, അന്താരാഷ്ട്ര സംഘടനകള്‍ക്ക് സാധാരണക്കാരിലേക്ക് എത്തുവാന്‍ കഴിയുന്നില്ലെന്നും ഫാ. ജോര്‍ജ്ജ് വെളിപ്പെടുത്തി.
സൈനീക മേധാവി അബ്ദേല്‍ ഫത്താ അല്‍ ബുര്‍ഹാനും, ആര്‍.എസ്.എഫ് തലവനായ ജനറല്‍ മൊഹമ്മദ് ഹംദാനും തമ്മിലുള്ള അധികാര വടംവലിയാണ് ആഭ്യന്തരയുദ്ധമായി പരിണമിച്ചിരിക്കുന്നത്. പോരാട്ടം കനക്കുമ്പോഴും ജീവന്‍പോലും വകവെക്കാതെ ഇടവക ജനങ്ങള്‍ക്ക് ആശ്വാസവും, പ്രതീക്ഷയും പകരുവാന്‍ ഖാര്‍തൂമിലും, എല്‍-ഒബെയിദിലും തുടരുവാനുള്ള തീരുമാനത്തിലാണ് കത്തോലിക്കാ വൈദികര്‍. അതേസമയം യുദ്ധം കനത്തതോടെ പലരും തെക്കന്‍ സുഡാനിലേക്ക് തിരികെ പോയി. ചിലര്‍ എല്‍-ഒബെയ്ദിലും തങ്ങിയിട്ടുണ്ട്. സുഡാനി ക്രൈസ്തവരില്‍ നല്ലൊരു വിഭാഗം ഈജിപ്റ്റില്‍ വേരുകളുള്ള കോപ്റ്റിക് ഓര്‍ത്ത്ഡോക്സ് സഭാംഗങ്ങളാണ്.
