News - 2025

ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് അറസ്റ്റ്; ഇറാനില്‍ ക്രൈസ്തവ വേട്ടയുമായി സര്‍ക്കാര്‍

പ്രവാചകശബ്ദം 12-08-2023 - Saturday

ടെഹ്റാന്‍: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനിൽ ക്രൈസ്തവ വേട്ട സർക്കാർ ശക്തമാക്കിയതായി റിപ്പോർട്ട്. ജൂൺ മുതൽ ജൂലൈ വരെയുള്ള 7 ആഴ്ച കൊണ്ട് ഇസ്ലാമിൽ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെയും, അസീറിയൻ കൽദായ വിശ്വാസികളായി ജനിച്ച നിരവധി പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. 11 നഗരങ്ങളിൽ അറസ്റ്റ് നടന്നതായാണ് ആർട്ടിക്കിൾ 18 എന്ന മനുഷ്യാവകാശ സംഘടന റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു മുന്‍പ് സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ ജൂലൈ പകുതിക്ക് മുന്‍പ് 50 പേരെ അഞ്ച് നഗരങ്ങളിൽ അറസ്റ്റ് ചെയ്തുവെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഒടുവിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 69 ക്രൈസ്തവരെ അധികൃതർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ 10 പേർ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.

രാജ്യ തലസ്ഥാനമായ ടെഹ്റാനിലും മറ്റ് നഗരങ്ങളിലും ഭീഷണിയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവ പ്രചരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, ഇസ്ലാമിക മതപഠനം നടത്താനും ആവശ്യപ്പെടുന്ന പ്രസ്താവനകളിൽ ഒപ്പിടാനും ക്രൈസ്തവർ നിർബന്ധിതരായി. ചിലരെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചതിനു ശേഷം ചോദ്യം ചെയ്യാൻ പിന്നീടും വിളിപ്പിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലരോട് രാജ്യം തന്നെ വിടാൻ അധികൃതർ ആവശ്യപ്പെട്ടു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാതി പ്രകാരം തനിക്ക് തന്റെ ജോലി നഷ്ടപ്പെട്ടുവെന്ന് ഒരാൾ പറഞ്ഞു. കസ്റ്റഡിയിലെടുക്കപ്പെട്ട ക്രൈസ്തവരെ മോചിപ്പിക്കാൻ അവരുടെ കുടുംബങ്ങൾക്ക് 8000 ഡോളർ മുതൽ 40,000 ഡോളർ വരെ നൽകേണ്ടിവന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരമ്പരാഗതമായി അശക്തരായ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളാണ് സിവിൽ അവകാശങ്ങളുടെ പുതിയ അടിച്ചമർത്തലിൽ ലക്ഷ്യം വെക്കപ്പെടുന്നതെന്ന് ആർട്ടിക്കിൾ പതിനെട്ടിന്റെ അധ്യക്ഷൻ മൺസൂർ ബോർജി പറഞ്ഞു. ഇറാനിയൻ പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച മഹ്സ അമീനിയുടെ കൊലപാതകത്തിന്റെ വാർഷികം അടുത്തുവരുന്ന വേളയിൽ ദേശീയമായും, അന്തർദേശീയമായും ഒരു സന്ദേശം നൽകുക എന്ന് ഉദ്ദേശത്തിലാണ് അധികൃതർ ഇങ്ങനെയൊരു കർക്കശ നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതേസമയം ഓരോ മാസവും ആയിരകണക്കിന് ഇസ്ലാം മതസ്ഥരാണ് ഇറാനില്‍ രഹസ്യമായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്. ഇത് ഭരണകൂടത്തെ ചൊടിപ്പിക്കുന്നുണ്ടെന്നു നേരത്തെ മുതല്‍ റിപ്പോര്‍ട്ടുണ്ട്.


Related Articles »