India

മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകണം: മാർ ജോസഫ് പാംപ്ലാനി

16-08-2023 - Wednesday

ചെമ്പേരി : മണിപ്പൂരിൽ 3 മാസത്തിലധികമായി തുടരുന്ന വർഗീയകലാപം അവസാനിപ്പിക്കുവാൻ കഴിയാത്തതു കേന്ദ്ര-സംസ്ഥാന സർക്കാർ നിശ്ചലമായതു കൊണ്ടാണെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഗോത്രസംഘർഷമായി തുടങ്ങിയ മണിപ്പൂരിലെ കലാപം പിന്നീട് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം ആയി മാറിയെന്നും ആയിരക്കണക്കിന് ജനങ്ങൾ ദുരിത പൂർണ്ണമായ ജീവിതം നയിച്ചിട്ടും, നൂറുകണക്കിന് ജനങ്ങൾ കൊല്ലപ്പെട്ടിട്ടും, നൂറുകണക്കിന് ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും തകർത്തിട്ടും കലാപം അവസാനിപ്പിക്കുന്നതിൽ ഗവൺമെന്റ് പരാജയപ്പെട്ടതിൽ ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ ആകുലരാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണിപ്പൂരിൽ പീഡനം അനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത കമ്മറ്റിയുടെ നേതൃത്വത്തിൽ ചെമ്പേരിയിൽ നടത്തിയ 'മാനിഷാദ' ഉപവാസ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപതാ പ്രസിഡണ്ട് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന ഉപവാസ സമരത്തിന്റെ ഉദ്ഘാടനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോക്ടർ ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും എല്ലാ പൗരന്മാർക്കുമുള്ള അവകാശങ്ങൾ മാനിക്കപ്പെടണം എന്നും ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമന്യേ ഭാരതീയൻ എന്ന നിലയിൽ സർവ്വരെയും സമഭാവനയോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളുടെ ദുരിതത്തിൽ കത്തോലിക്ക കോൺഗ്രസ് അവരോടൊപ്പം ഉണ്ട് എന്നതിന് തെളിവാണ് ഈ സഹനസമരം എന്ന് ഡോ. ഫിലിപ്പ് കവിയിൽ പ്രഖ്യാപിച്ചു. അഹിംസയിലൂന്നിയ തത്വശാസ്ത്രവും സഹിഷ്ണുതയിലും സാഹോദര്യത്തിലും അധിഷ്ഠിതമായ നിലപാടുകളിലൂടെയും മാത്രമേ ആത്യന്തികമായ സമാധാനവും ശാന്തിയും ഈ രാജ്യത്ത് നിലനിൽക്കുകയുള്ളൂ. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ആയിരങ്ങൾ പങ്കെടുത്ത റാലിയും നടന്നു. സമാപന സമ്മേളനത്തിൽ ചെമ്പേരി ഫൊറോന വികാരി ഫാ. ജോർജ് കാഞ്ഞിരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.

ഫാ. ജിൻസ് വാളിപ്ലാക്കൽ, ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ബെന്നി പുതിയപുറം, ജിമ്മി അയിത്തമറ്റം, ഫിലിപ്പ് വെളിയത്ത്, യൂത്ത് കോഡിനേറ്റർ കിഷോർലാൽ ചോരനോലിൽ, അഡ്വ. ഷീജ സെബാസ്റ്റ്യൻ, അഡ്വ. ബിനോയ് തോമസ്, ഡേവിസ് ആലങ്ങാടൻ, ഷീബ തെക്കേടത്ത്, ഷിനോ പാറക്കൽ, അബ്രഹാം ഈറ്റക്കൽ, സുരേഷ് ജോർജ്, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ഗ്രാമപഞ്ചായത്ത് മെമ്പറും വൈസ് മെൻസ് റീജണൽ സർവീസ് ഡയറക്ടറുമായ ജോയ് ജോൺ കുറിച്ചിയേൽ, കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് തോമസ് വെട്ടിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.


Related Articles »