India - 2024
വല്ലാർപാടം 19-ാമത് മരിയൻ തീർത്ഥാടനം ഇന്ന്
പ്രവാചകശബ്ദം 10-09-2023 - Sunday
കൊച്ചി: ചരിത്രപ്രസിദ്ധമായ വല്ലാർപാടം മരിയൻ ബസിലിക്കയിലേക്കുള്ള 19-ാമത് മരിയൻ തീർത്ഥാടനം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ അങ്കണത്തിൽ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. വല്ലാർ പാടം തിരുനാളിന് ഉയർത്താനുള്ള ആശീർവദിച്ച പതാകയേന്തിയാണു തീർത്ഥാടനം. പടിഞ്ഞാറൻ മേഖലയിൽ നിന്നുമുള്ള ദീപശിഖാപ്രയാണം വൈപ്പിൻ -വല്ലാർപാടം ജംഗ്ഷനിൽ അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്യും. ഗോശ്രീ പാലങ്ങളിലൂടെ വല്ലാർപാടത്തിന്റെ ഇരുവശങ്ങളിൽ നിന്നും വരുന്ന ദീപശിഖയുമായി എത്തുന്ന തീർത്ഥാടകരെ ബസിലിക്കയിൽ റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ സ്വീകരിക്കും.
4.30 ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയിൽ അതിരൂപതയിലെ വൈദികരും സന്യസ്തരും പങ്കാളികളാകും. റവ. ഡോ. മാർട്ടിൻ എൻ. ആന്റണി വചന സന്ദേശം നൽകും.തീർത്ഥാടകർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. നാളെ മുതൽ 15 വരെയാണു വല്ലാർപാടം ബൈബിൾ കൺവൻഷൻ. ഫാ. ഏബ്രഹാം കടിയകുഴിയും ബ്രദർ സാബു ആറുതൊട്ടിയിലും നയിക്കുന്ന കൺവൻഷൻ വൈകുന്നേരം 4. 30 മുതൽ ഒമ്പതു വരെയാണ്. പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ സെപ്റ്റംബർ 16 മുതൽ 24 വരെയും ആഘോഷിക്കും.