News - 2025

ജപമാല രാജ്ഞിയുടെ തിരുനാളിന് ഒരുക്കവുമായി മെക്സിക്കോ

പ്രവാചകശബ്ദം 04-10-2023 - Wednesday

മെക്സിക്കോ സിറ്റി: ജപമാല രാജ്ഞിയുടെ തിരുനാളിന് ഒരുക്കവുമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോ. ഒക്ടോബർ 7ന് മെക്‌സിക്കോ സിറ്റിയിലെ സാൻ ഫെലിപ്പെ കേന്ദ്രത്തില്‍ വൈകുന്നേരം 5 മണിക്ക്, ആരംഭിക്കുന്ന ജപമാല പ്രദിക്ഷണത്തില്‍ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സംബന്ധിക്കും. മെക്സിക്കോയിലെ മെട്രോപൊളിറ്റൻ കത്തീഡ്രലും നാഷണൽ പാലസും സ്ഥിതി ചെയ്യുന്ന സ്ക്വയറിലായിരിക്കും സമാപന ചടങ്ങ്. കഴിഞ്ഞ വര്‍ഷം നടത്തിയ പൊതുജപമാല സമര്‍പ്പണം വലിയ വിജയമായിരിന്നു.

തുടർച്ചയായ രണ്ടാം വർഷവും കത്തോലിക്കാ സംഘടനയായ റൊസാരിയോസ് ഡി മെക്സിക്കോയുടെ നേതൃത്വത്തിലാണ് കന്യകാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് വിശ്വാസി സമൂഹം പ്രാര്‍ത്ഥിക്കുക. ഗ്വാഡലൂപ്പയിലെ കന്യകയുടെ പ്രത്യക്ഷപ്പെടല്‍, ലെപാന്റോ യുദ്ധത്തിൽ ജപമാല രാജ്ഞിയുടെ ഇടപെടല്‍ തുടങ്ങീയ കാര്യങ്ങളാല്‍ മെക്സിക്കോ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് റൊസാരിയോസ് ഡി മെക്സിക്കോയുടെ അധ്യക്ഷന്‍ വിക്ടർ കുര്‍ട്ട് പറഞ്ഞു. ലെപാന്റോ യുദ്ധത്തിൽ ദൈവമാതാവിന്റെ മാധ്യസ്ഥമില്ലായിരിന്നുവെങ്കില്‍ മെക്സിക്കോ നിലനിൽക്കില്ലായെന്നും ഇ‌ഡബ്ല്യു‌ടി‌എന്നിന് നൽകിയ അഭിമുഖത്തിൽ കുർട്ട് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിലെ ഭൂരിഭാഗവും കത്തോലിക്ക വിശ്വാസം പിന്തുടരുന്നവരാണ്.


Related Articles »