News

ഇത് രാഷ്ട്രീയ സമ്മേളനമല്ല, മറിച്ച് പരിശുദ്ധാത്മാവിൽ വിളിച്ചുകൂട്ടപ്പെട്ട കൂട്ടായ്മ: സിനഡിന്റെ ഉദ്ഘാടന ദിവ്യബലിയില്‍ പാപ്പ

പ്രവാചകശബ്ദം 05-10-2023 - Thursday

വത്തിക്കാന്‍ സിറ്റി: ധ്രുവീകരിക്കപ്പെട്ട സഭായോഗമല്ല, മറിച്ച് കൃപയുടെയും കൂട്ടായ്മയുടെയും ഇടമാണ് സിനഡ് സമ്മേളനമെന്നും പരിശുദ്ധാത്മാവിൽ വിളിച്ചുകൂട്ടപ്പെട്ട കൂട്ടായ്മയാണിതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഒക്ടോബർ 4ന് മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമ്മികത്വത്തിലായിരിന്നു ബലിയര്‍പ്പണം. നമുക്ക് അവനായി സ്വയം തുറന്നുകൊടുക്കാമെന്നും അവൻ സിനഡിന്റെ നായകനാകട്ടെയെന്നും നമുക്ക് അവനോടൊപ്പം വിശ്വാസത്തോടെയും സന്തോഷത്തോടെയും നടക്കാമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

പ്രിയ കർദ്ദിനാളന്മാരും മെത്രാന്മാരുമായ സഹോദരരേ, സഹോദരീസഹോദരന്മാരേ, നമ്മൾ മെത്രാന്മാരുടെ സിനഡിന്റെ പൊതുസമ്മേളനത്തിൻറെ ഉദ്ഘാടനവേളയിലാണ്. മാനുഷിക തന്ത്രങ്ങളോ രാഷ്ട്രീയ കണക്കുകൂട്ടലുകളോ പ്രത്യയശാസ്ത്ര പോരാട്ടങ്ങളോ തീർത്ത, തീർത്തും സ്വാഭാവികമായ ഒരു വീക്ഷണം നമുക്ക് ആവശ്യമില്ല. നാം ഇവിടെ ഒന്നുചേർന്നിരിക്കുന്നത് ഒരു കാര്യാലോചനാ യോഗം ചേരുന്നതിനോ നവീകരണ പദ്ധതി നടപ്പാക്കുന്നതിനോ അല്ല. അതിനല്ല. പിതാവിനെ സ്തുതിക്കുകയും ക്ലേശിതരെയും മർദ്ദിതരെയും സ്വീകരിക്കുകയും ചെയ്യുന്ന യേശുവിൻറെ വീക്ഷണത്തോടുകൂടി ഒത്തൊരുമിച്ച് ചരിക്കാനാണ് നാം ഇവിടെ സമ്മേളിച്ചിരിക്കുന്നത്. അതിനാൽ നമുക്ക് യേശുവിൻറെ നോട്ടത്തിൽ നിന്ന് ആരംഭിക്കാം, അത് അനുഗ്രഹദായകവും സ്വാഗതം ചെയ്യുന്നതുമായ നോട്ടമാണ്.

ദൈവത്തിൻറെ പ്രവർത്തനത്തെക്കുറിച്ച് ചിന്തിക്കുകയും വർത്തമാനകാലത്തെ വിവേചിച്ചറിയുകയും ചെയ്യുന്ന ഒരു സഭയാകാൻ അവിടുന്നു നമ്മെയും ക്ഷണിക്കുന്നു. നമ്മുടെ കാലത്തെ ചിലപ്പോഴൊക്കെ പ്രക്ഷുബ്ധമായ തിരമാലകൾക്കിടയിൽ, ഈ സഭ നിരാശപ്പെടുന്നില്ല, പ്രത്യയശാസ്ത്ര പഴുതുകൾ തേടുന്നില്ല, നേടിയെടുത്ത ബോധ്യങ്ങൾകൊണ്ട് സ്വയം പ്രതിരോധം തീർക്കുന്നില്ല, സൗകര്യപ്രദമായ പരിഹാരങ്ങൾക്ക് വഴങ്ങുന്നില്ല, തൻറെ അജണ്ട നിർദ്ദേശിക്കാൻ ലോകത്തെ അനുവദിക്കുന്നില്ല. ഇതാണ് സഭയുടെ ആത്മീയ ജ്ഞാനമെന്നും പാപ്പ പറഞ്ഞു.

നാം അവനുള്ളവരാണ്, - ഇത് നമുക്ക് ഓർക്കാം - അവനെ ലോകത്തിലേക്ക് സംവഹിക്കാൻ മാത്രമാണ് നാം നിലനിൽക്കുന്നത്. പൗലോസ് അപ്പോസ്തലൻ നമ്മോട് പറഞ്ഞതുപോലെ, "നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ ക്രൂശിൽ അല്ലാതെ മറ്റൊന്നിലും നമുക്ക് മേന്മയില്ല " (ഗലാ 6:14). ഇത് മതി, നമുക്ക് അവൻ മതി. നമുക്ക് ഭൗമിക മഹത്വങ്ങൾ ആവശ്യമില്ല, ലോകത്തിൻറെ ദൃഷ്ടിയിൽ നമ്മെത്തന്നെ സുഭഗരാക്കാൻ നാം ആഗ്രഹിക്കുന്നില്ല, മറിച്ച് സുവിശേഷ സാന്ത്വനത്താൽ ലോകത്തിലെത്താനും, ദൈവത്തിൻറെ അനന്തമായ സ്നേഹത്തിന് എല്ലാവർക്കും മെച്ചപ്പെട്ട സാക്ഷ്യം വഹിക്കാനും നാം ആഗ്രഹിക്കുന്നു. പരിശുദ്ധാരൂപിയാണ് സിനഡിന്റെ നായകനെന്നും അവനോടൊപ്പം വിശ്വാസത്തോടെയും സന്തോഷത്തോടെയും നടക്കാമെന്ന വാക്കുകളോടെയുമാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായ ഇന്നലെ ആരംഭിച്ച സിനഡിന്റെ ആദ്യഘട്ട സമ്മേളനം ഈ മാസം 29നു സമാപിക്കും.


Related Articles »