News - 2025

ദാരിദ്ര്യത്തിൽ നിന്നും പലായനം ചെയ്യുന്ന കുടിയേറ്റക്കാരെ ചേർത്തു നിർത്തണം: ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 25-10-2023 - Wednesday

വത്തിക്കാന്‍ സിറ്റി: ദാരിദ്ര്യത്തിൽ നിന്നും ഭയത്തിൽ നിന്നും നിരാശയിൽ നിന്നും പലായനം ചെയ്യുന്നവരാണ് കുടിയേറ്റക്കാരെന്നും അവരെ ചേർത്തു നിർത്തണമെന്നും ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ വിവിധ ഇടങ്ങളിൽ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കുടിയേറ്റ ആഘോഷങ്ങളിൽ സംബന്ധിക്കുന്നവർക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സ്വന്തം ദേശത്ത് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഒരു കാരണവശാലും ആർക്കും നിഷേധിക്കപ്പെടരുതെന്നും, നിർബന്ധിത കുടിയേറ്റം അവസാനിപ്പിക്കുന്നതിനു എല്ലാവരും ഒത്തൊരുമിച്ച് പ്രതിബദ്ധതയോടെ പെരുമാറണമെന്നും സന്ദേശത്തിൽ പാപ്പ ഊന്നിപറഞ്ഞു.

സമൂഹത്തിലെ ദുർബലവിഭാഗത്തിൽപ്പെട്ട സ്ത്രീകളും, പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെയുള്ള ആളുകൾക്ക് പ്രത്യേക ശ്രദ്ധ നൽകികൊണ്ട്, മനുഷ്യന്റെ അന്തസിനുള്ള പരിഗണന കൊടുക്കണമെന്ന് പാപ്പ തന്റെ സന്ദേശത്തിൽ അടിവരയിട്ടു. വ്യക്തിപരമായ നേട്ടങ്ങൾക്കായി മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്നതിനെ ന്യായീകരിക്കുന്ന ലോകത്തിന്റെ യുക്തിക്ക് വഴങ്ങരുതെന്നുള്ള യേശുക്രിസ്തുവിന്റെ വാക്കുകൾ ശിരസ്സാവഹിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. ഈ വർഷത്തെ ലോക കുടിയേറ്റ, അഭയാർത്ഥി ദിനത്തിനായുള്ള ആപ്തവാക്യമായ, ''കുടിയേറണോ? മാതൃരാജ്യത്ത് തുടരണോ? എന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം'' എന്നതാണ് പാപ്പയുടെ സന്ദേശത്തിന്റെ ഉള്ളടക്കം.

കുടിയേറ്റക്കാരുടെ സ്വപ്നങ്ങളെ ഹനിക്കുന്നതും ദുരുപയോഗം ചെയ്യുന്നതുമായ അന്യായമായ പ്രവർത്തനങ്ങൾക്കെതിരെ പോരാടാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. അതിനാൽ നിയമാനുസൃതമായ കുടിയേറ്റങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. ദാരിദ്ര്യത്തിൽ നിന്നും ഭയത്തിൽ നിന്നും നിരാശയിൽ നിന്നും പലായനം ചെയ്യുന്നവരാണ് കുടിയേറ്റക്കാർ. എന്നാൽ സ്വന്തം ദേശത്ത് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഒരു കാരണവശാലും ആർക്കും നിഷേധിക്കപ്പെടരുത്. നിർബന്ധിത കുടിയേറ്റം അവസാനിപ്പിക്കുന്നതിനു എല്ലാവരും ഒത്തൊരുമിച്ച് പ്രതിബദ്ധതയോടെ പെരുമാറണമെന്നും പാപ്പ ആവര്‍ത്തിച്ചു. ഇറ്റലിയിലെ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കുടിയേറ്റ ആഘോഷം ഇന്നു ഒക്ടോബർ 25 മുതൽ 28 വരെയാണ് നടത്തപ്പെടുന്നത്.


Related Articles »