News - 2024
മറിയം ആദ്യത്തെ പ്രേഷിത ശിഷ്യ: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 18-11-2023 - Saturday
വത്തിക്കാന്‍ സിറ്റി: നമ്മുടെ ജീവിതത്തിലേക്ക് ദൈവത്തെ എങ്ങനെ സ്വാഗതം ചെയ്യണമെന്നു കാണിച്ചു തന്ന വ്യക്തിയാണ് പരിശുദ്ധ മറിയമെന്നും, ദൈവമാതാവ് ആദ്യത്തെ പ്രേഷിത ശിഷ്യയാണെന്നും ഫ്രാന്‍സിസ് പാപ്പ. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഫിലിപ്പീന്‍സിലെ ഒസാമിസ് അതിരൂപതയിൽ നിന്നു വന്ന തീർത്ഥാടകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശുവിന്റെ അമ്മയായതിനാൽ കാനായിലെ പോലെ എങ്ങനെ യേശുവിന്റെ മുന്നിൽ നമ്മുടെ ആവശ്യങ്ങൾ അവതരിപ്പിക്കണമെന്നു അറിയാവുന്നവളാണ് പരിശുദ്ധ മറിയമെന്നും പാപ്പ സൂചിപ്പിച്ചു.
മറിയമാണ് യേശുവിന്റെ ശിഷ്യരെന്ന നിലയിൽ അവന്റെ വചനം ശ്രവിക്കാനും ഹൃദയത്തിൽ ധ്യാനിക്കാനും അത് മറ്റുള്ളവരിലെത്തിക്കാനും കാണിച്ചുതന്ന ആദ്യത്തെ പ്രേഷിതശിഷ്യ. ഈ തീർത്ഥാടനം നമ്മെ ഓരോരുത്തരേയും മറിയത്തെപോലെ കർത്താവുമായുള്ള കണ്ടുമുട്ടലിൽ അവന്റെ സാന്നിധ്യത്തിന്റെയും ദയയുടെയും സ്നേഹത്തിന്റെയും മിഷ്ണറി ശിഷ്യരായി രൂപാന്തരപ്പെടുത്തട്ടെയെന്ന് പാപ്പ ആശംസിച്ചു. രൂപതയിലെ ജൂബിലിയുടെ മറ്റ് ആഘോഷങ്ങൾ അതിരൂപതയിലെ മുഴുവൻ അംഗങ്ങളെയും കർത്താവിന്റെ വിശ്വസ്ത ശിഷ്യരായി ജീവിക്കാനുള്ള അവരുടെ ജ്ഞാനസ്നാന വിളിയുടെ അനുസ്മരണത്തിലേക്കും നയിക്കട്ടെയെന്നും പാപ്പ പറഞ്ഞു.
യുവാക്കൾക്കും രോഗികൾക്കും വൃദ്ധർക്കും ദരിദ്രർക്കും യേശുവിന്റെ സ്നേഹത്താലുള്ള കരുണയുടെ പ്രവർത്തികൾ പരിശീലിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു. കരുണയുടെയും ഐക്യദാർഢ്യത്തിന്റെയും മാതൃകകളാകാൻ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ ക്ഷണിച്ചു. സുവിശേഷ പ്രഘോഷണത്തിനായി പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന പുതിയ പാതകൾ തിരിച്ചറിയണം. രൂപതയിലെ മുഴുവൻ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും തനിക്കു വേണ്ടി പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.