News - 2024

യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ 44% വര്‍ദ്ധനവ്

പ്രവാചകശബ്ദം 20-11-2023 - Monday

വിയന്ന: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ ആക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44% വര്‍ദ്ധനവ്. ക്രൈസ്തവര്‍ക്കെതിരായ വിവേചനങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്' (ഒ.ഐ.ഡി.എ.സി യൂറോപ്പ്) ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആശങ്കാജനകമായ വിവരമുള്ളത്. തീവ്രവാദപരമായ ആക്രമണങ്ങളിലെ വര്‍ദ്ധനവ് വലിയ രീതിയില്‍ ആശങ്കയ്ക്കു വഴി തെളിയിച്ചിട്ടുണ്ട്. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, പോളണ്ട് എന്നീ രാജ്യങ്ങളാണ് യൂറോപ്പില്‍ ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന 5 രാജ്യങ്ങള്‍.

ശാരീരിക ആക്രമണങ്ങള്‍, ക്രൈസ്തവര്‍ക്ക് നേരെ വ്യക്തിപരമായും, സമൂഹപരമായും നേരിടേണ്ടി വരുന്ന ഭീഷണികള്‍, ക്രിസ്ത്യന്‍ പുണ്യകേന്ദ്രങ്ങള്‍ അലംകോലമാക്കല്‍, മതസ്വാതന്ത്ര്യ ലംഘനങ്ങള്‍, എന്നിവയേക്കുറിച്ചുള്ള സര്‍വ്വേകളാണ് സംഘടന നടത്തിയിരിക്കുന്നത്. 2021-2022 കാലയളവില്‍ ദേവാലയങ്ങള്‍ക്കെതിരേയുള്ള തീവെപ്പ് ആക്രമണങ്ങളില്‍ 75% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നു വ്യാഴാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പരമ്പരാഗത ക്രിസ്ത്യന്‍ വീക്ഷണം പ്രകടിപ്പിക്കുന്നവര്‍ക്കെതിരേയുള്ള നിയമപരമായ വിവേചനങ്ങളേക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യൂറോപ്പിലെ 30 രാജ്യങ്ങളിലായി എഴുന്നൂറ്റിനാല്‍പ്പത്തിയെട്ടോളം ക്രൈസ്തവ വിരുദ്ധ വിദ്വേഷ ആക്രമണങ്ങളാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലെ ‘ഇന്റര്‍ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ്‌ കോ-ഓപ്പറേഷന്‍’ (ഒ.എസ്.സി.ഇ) പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണക്കുമായി സാദൃശ്യമുള്ളതാണ് തങ്ങളുടെ റിപ്പോര്‍ട്ടെന്നു ഒ.ഐ.ഡി.എ.സി യൂറോപ്പ് പറയുന്നു. 34 യൂറോപ്യന്‍ രാജ്യങ്ങളിലായി 792 ക്രൈസ്തവവിരുദ്ധ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഒ.എസ്.സി.ഇയുടെ കണക്ക്. യഹൂദര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് ക്രിസ്ത്യാനികളാണെന്നും ഒ.എസ്.സി.ഇ ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത് ആശങ്കാജനകമാണെന്നു വിയന്ന സര്‍വ്വകലാശാലയിലെ തിയോളജിക്കല്‍ വിഭാഗത്തിന്റെ അധ്യക്ഷ റെജീന പോളാക് പറഞ്ഞു.


Related Articles »