News - 2025
വിശുദ്ധ കുർബാന സ്വീകരിക്കുന്ന കൈകളിൽ മൈലാഞ്ചി മുതലായവ ഇടുന്നത് ശരിയാണോ?
പ്രവാചകശബ്ദം 21-11-2023 - Tuesday
വിശുദ്ധ കുർബാന സ്വീകരിക്കുന്ന കൈകളിൽ മൈലാഞ്ചി മുതലായവ ഇടുന്നത് പാപകരമല്ലെങ്കിലും അനുചിതമാണെന്ന് സംശയലേശമെന്യേ പറയാം. കാരണം പരിശുദ്ധ കുർബ്ബാനയെ ഭയഭക്തിയോടെയാണ് സമീപിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടത് . കുറച്ചുകാലം മുമ്പു വരെ പരിശുദ്ധ കുർബാന കൈകളിൽ നിന്ന് താഴെ വീഴാൻ ഇടയായാൽ വലിയ ആദരവോടുകൂടിയാണ് അതെടുത്തിരുന്നതും ആ സ്ഥലം തുടയ്ക്കുകയും ചെയ്തിരുന്നത്. മാത്രമല്ല , ആദ്യകാലങ്ങളിൽ വൈദികർ വിശുദ്ധ കുർബാനയർപ്പിക്കുമ്പോൾ കൈകളിൽ വെള്ളത്തുണിയുടെ ശുദ്ധമായ ഒരു ഗ്ലൗസ് ധരിക്കുമായിരുന്നു.
ദിവ്യകാരുണ്യ സ്വീകരണസമയത്ത് ജനങ്ങൾക്കു ദിവ്യകാരുണ്യം നല്കുമ്പോൾ പാത്രത്തില്‍ ( Communion plate ) ഒരു തുവാല വിരിച്ച് തിരുവോസ്തിയുടെ ഒരംശംപോലും താഴെ വീണുപോകാതെ ശ്രദ്ധിച്ചിരുന്നു. ദിവ്യകാരുണ്യം കൈകളിൽ സ്വീകരിക്കുന്നവർ ഇരുകരങ്ങളും കുരിശാകൃതിയിൽ പിടിച്ച് കുരിശിൽ കിടക്കുന്ന ഈശോയെ സ്നേഹപൂർവം സ്വീകരിക്കുന്നു എന്നാണ് സങ്കൽപിച്ചിരുന്നത്. ആയതിനാൽ , ദിവ്യകാരുണ്യം സ്വീകരിക്കേണ്ട കൈകളിൽ മൈലാഞ്ചിയോ അതുപോലെയുള്ള മറ്റ് അലങ്കാര വസ്തുക്കളോ ഉപയോഗിക്കുന്നത് പാപമാണെന്നോ തെറ്റാണെന്നോ പറയുന്നതിനേക്കാൾ അത് അനുചിതമാണ് എന്നുപറയുന്നതാണ് ശരി. കർത്താവിന്റെ വിശുദ്ധ ശരീരത്തെ പവിത്രമായ കൈകളിൽ സ്വീകരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ 'വിശ്വാസ വഴിയിലെ സംശയങ്ങൾ' എന്ന പുസ്തകത്തിൽ നിന്നും)