News

ഇസ്രായേലിന് അനുകൂലമായി പോസ്റ്റിട്ട പാക്ക് ക്രൈസ്തവ വിദ്യാർത്ഥിയെ വെടിവെച്ചുകൊന്നു

പ്രവാചകശബ്ദം 26-11-2023 - Sunday

സിയാല്‍കോട്ട് (പാക്കിസ്ഥാന്‍): ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ക്രൈസ്തവ വിദ്യാർത്ഥിയെ പാക്കിസ്ഥാനിൽ വെടിവെച്ചുകൊന്നു. ഇരുപതു വയസ്സുള്ള ക്രൈസ്തവ വിദ്യാർത്ഥി ഫർഹാൻ ഉൾ കമാറാണ് പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതില്‍ രോഷാകുലനായ മുഹമ്മദ് സുബൈർ മുസ്ലീം മത വിശ്വാസിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. പിറ്റേദിവസം പോലീസ് മുഹമ്മദ് സുബൈറിനെ കസ്റ്റഡിയിലെടുത്തെങ്കിലും കൊല്ലപ്പെട്ട ഫർഹാന്റെ കുടുംബത്തോട് കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വെളിപ്പെടുത്താൻ തയാറായില്ല.

അന്വേഷണം തുടരുന്നുവെന്ന് മാത്രമാണ് പോലീസ് ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചത്. പുലർച്ചെ മൂന്നുമണിക്കാണ് വീട്ടിൽ കടന്നു കയറി പ്രതി കൃത്യം നിർവഹിച്ചതെന്ന് ഫർഹാന്റെ പിതാവ് നൂർ ഉൾ ഹഖ് പറഞ്ഞു. മൂന്ന് തവണ വെടിയേറ്റ ഫർഹാനെ രക്ഷിക്കാൻ കുടുംബാംഗങ്ങൾ ശ്രമിച്ചെങ്കിലും, അവരെ 45 മിനിറ്റോളം തോക്കിൻ മുനയിൽ നിർത്തി ഇസ്ലാമിക മുദ്രാവാക്യങ്ങൾ വിളിച്ച് അയാൾ ഭീഷണിപ്പെടുത്തി. എല്ലാ ക്രൈസ്തവരെയും കൊല്ലുമെന്ന് ഇയാള്‍ ആക്രോശിച്ചതായി ഫർഹാന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. തന്റെ കൺമുമ്പിലാണ് സഹോദരൻ കൊല്ലപ്പെട്ടതെന്നും, നീറുന്ന വേദനയിലാണ് ഓരോ ദിവസവും തങ്ങൾ ജീവിക്കുന്നതെന്നും, തങ്ങൾക്ക് നീതി ലഭിക്കണമെന്നും ഫർഹാന്റെ സഹോദരിയായ ഷുവ പറഞ്ഞു.



ഫർഹാൻ കൊല്ലപ്പെട്ട അതേ ഗ്രാമത്തിൽ ഒക്ടോബറിൽ സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. ഇസ്രായേലിന് അനുകൂലമായി റാലി നടത്തിയെന്ന് ആരോപിച്ചെന്ന് ക്രൈസ്തവ വിശ്വാസിയായ അക്കിബ് ജാവേദ് എന്ന യുവാവിനെയും, അദ്ദേഹത്തിന്റെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിലാക്കിയിരിന്നു. എന്നാൽ അങ്ങനെ ഒരു റാലിയിൽ അക്കിബ് പങ്കെടുത്തിട്ടില്ലായെന്ന് കുടുംബം ആവര്‍ത്തിച്ചിട്ടുണ്ട്. തീവ്ര ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ വലിയ അക്രമത്തിന് ഇരകളാകുന്നുണ്ടെന്നതിന്റെ അവസാന തെളിവാണ് പഞ്ചാബ് പ്രവിശ്യയില്‍ നടന്ന കൊലപാതകം.


Related Articles »