News - 2024

തടവിലാക്കപ്പെട്ട രണ്ടു വിയറ്റ്‌നാമി ക്രൈസ്തവര്‍ക്ക് ഉന്നത മനുഷ്യാവകാശ പുരസ്കാരം

പ്രവാചകശബ്ദം 04-12-2023 - Monday

ഹെനോയ്: തടവില്‍ കഴിയുന്ന രണ്ട് വിയറ്റ്‌നാമീസ് ക്രൈസ്തവര്‍ക്ക് വിയറ്റ്‌നാമിലെ ഉന്നത മനുഷ്യാവകാശ പുരസ്കാരം. ‘വിയറ്റ്‌നാം ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്‌വര്‍ക്ക്’ (വി.എന്‍.എച്ച്.ആര്‍.എന്‍) എന്ന മനുഷ്യാവകാശ സംഘടന ഇക്കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ‘വിയറ്റ്നാം ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്’ ജേതാക്കളാണ് തടവില്‍ കഴിയുന്നത്. ബിന്‍ ഡുവോങ്ങ് പ്രവിശ്യയിലെ ഫു ജിയാവോ ജില്ലയിലെ ബൊ ലാ പ്രിസണില്‍ കഴിയുന്ന ട്രാന്‍ വാന്‍ ബാങ്ങും, ഫു യെന്‍ പ്രോവിന്‍സിലെ ഷുവാന്‍ ഫുവോക്ക് പ്രിസണ്‍ക്യാമ്പില്‍ കഴിയുന്ന ‘വൈ വോ നി’യുമാണ്‌ അവാര്‍ഡിന് അര്‍ഹരായിരിക്കുന്നത്. വിയറ്റ്‌നാമീസ് പൗരന്‍മാര്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പ്രഖ്യാപനത്തോടൊപ്പം പുറത്തുവിട്ടിരുന്നു.

2023 മെയ് മാസത്തിലാണ് ട്രാന്‍ വാന്‍ ബാങ്ങിനെ 8 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചത്. മതപീഡനം അവസാനിപ്പിക്കുവാനും, കമ്മ്യൂണിസ്റ്റുകള്‍ കൈവശപ്പെടുത്തിയ തങ്ങളുടെ പൂര്‍വ്വികരുടെ സ്വത്തുവകകള്‍ തിരികെ ലഭിക്കുവാനും, വംശീയ മതന്യൂനപക്ഷ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുവാനും നടത്തിയ വിവിധ പോരാട്ടങ്ങളുടെ പേരില്‍ നിരവധി പ്രാവശ്യം അദ്ദേഹം അറസ്റ്റിലായിട്ടുണ്ട്. “സത്യവും നീതിയും സംരക്ഷിക്കുന്നതിനായി കുരിശു ചുമക്കുന്ന വ്യക്തിയായി ദൈവം എന്നെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ഞാന്‍ ദൈവഹിതം അനുസരിക്കും” എന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തിയെന്ന ആരോപണത്തെ നേരിട്ടശേഷം ബാങ്ങ് കുറിച്ചത്.

ഭരണകൂടത്തിന്റെ താല്‍പര്യങ്ങളും, സംഘടനകളുടെയും വ്യക്തികളുടെയും നിയമാനുസൃത അവകാശങ്ങളും തടയുവാനായി ജനാധിപത്യ അവകാശം ദുരുപയോഗം ചെയ്തു (വിയറ്റ്‌നാമീസ് പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 331) എന്ന കുറ്റം ചുമത്തിയാണ് ‘വൈ വോ നി’യെ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 4 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ശിക്ഷ വിധിക്കുമ്പോള്‍ അദ്ദേഹം ‘ദൈവത്തിന് നന്ദി’ എന്നാണ് പറഞ്ഞതെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തിയിരിന്നു. അദ്ദേഹം ഒരു രാത്രിയും ഒരു പകലും മുഴുവനും തന്റെ സഭക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു. ആകെ ജനസംഖ്യയുടെ 8.5% ആണ് വിയറ്റ്നാമിലെ ക്രൈസ്തവര്‍. രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കിരാത ഭരണത്തില്‍ വിയറ്റ്നാം ക്രൈസ്തവര്‍ വലിയ രീതിയിലുള്ള പീഡനങ്ങളാണ് അനുഭവിക്കുന്നത്.


Related Articles »