News
''യുക്രൈനെ മറക്കരുത്”: ലണ്ടന്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങളോട് ബിഷപ്പ് കെന്നത്ത്
പ്രവാചകശബ്ദം 04-12-2023 - Monday
ലണ്ടന്‍: ബ്രിട്ടനിലെ യുക്രൈന്‍ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിക്കുവാനെത്തിയ ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളോട് സഹായ അഭ്യര്‍ത്ഥനയുമായി ബിഷപ്പ് കെന്നത്ത്. യുക്രൈന്‍ - റഷ്യന്‍ യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കിവരുന്ന ആദ്യ സഹായങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി ബ്രിട്ടനിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 12 പേരടങ്ങുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെ സംഘം ലണ്ടനിലെ യുക്രൈന്‍ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിച്ചപ്പോഴായിരിന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. കത്തോലിക്ക യൂണിയന്റെ സഹായത്തോടെ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് (എ.പി.പി.ജി) ആണ് സന്ദര്‍ശന പരിപാടി ഒരുക്കിയത്.
യുക്രൈനും റഷ്യയും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ണ്ണതോതിലുള്ള യുദ്ധം ആരംഭിച്ച ശേഷം ബ്രിട്ടനില്‍ എത്തിയ യുക്രൈന്‍ സ്വദേശികളെ സഹായിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ മനസ്സിലാക്കുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ലണ്ടനിലെ ഹോളി ഫാമിലി കത്തോലിക്കാ രൂപത മെത്രാനായ കെന്നത്ത് നൊവാകോവ്സ്കി എം.പിമാരുടെ സംഘത്തെ സ്വാഗതം ചെയ്തു. ‘എം.പി’മാരേയും ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ഭയാനകമായ യുദ്ധം ജനജീവിതത്തെ ബാധിക്കുന്നതിനെക്കുറിച്ചും, യുക്രൈന്‍ ജനതയെ പിന്തുണക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും രാഷ്ട്രീയക്കാരെ ഓര്‍മ്മിപ്പിക്കുവാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ സഹായിക്കുമെന്നും ബിഷപ്പ് കെന്നത്ത് പറഞ്ഞു.
യുക്രൈനെ മറക്കരുതെന്ന് മെത്രാന്‍, പാര്‍ലമെന്‍റ് സംഘത്തോട് പ്രത്യേകം അഭ്യര്‍ത്ഥിച്ചു. യുക്രൈന്‍ സ്വദേശികള്‍ക്ക് വേണ്ടി കംപ്യൂട്ടര്‍ സൗകര്യം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഒരുമിച്ച് പാകം ചെയ്യുവാനും ഭക്ഷിക്കുവാനുമുള്ള സ്ഥലം എന്നിവയുള്‍പ്പെടെ യുക്രൈന്‍ ജനതയെ സഹായിക്കുവാന്‍ വേണ്ടി സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രം മെത്രാന്‍ സംഘം പ്രതിനിധികള്‍ക്ക് കാണിച്ചു കൊടുത്തു. യുക്രൈനിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് അറിയുവാനും, യുക്രൈനെ കൂടുതല്‍ സഹായിക്കുവാനായി യു.കെ ഗവണ്‍മെന്റിന് എന്തെല്ലാം ചെയ്യുവാന്‍ കഴിയുമെന്നറിയുവാനുമായി സംഘത്തില്‍ ഉണ്ടായിരുന്ന ലോര്‍ഡ് സ്പീക്കര്‍ ലോര്‍ഡ് മക്ഫാള്‍, ബിഷപ്പ് കെന്നത്തുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി.
ഈ വര്‍ഷം ആദ്യം, ബിഷപ്പ് കെന്നത്തിനെ വെസ്റ്റ്‌മിന്‍സ്റ്ററില്‍ എ.പി.പി.ജി യുമായി കൂടിക്കാഴ്ച നടത്തുവാന്‍ പാര്‍ലമെന്റിലേക്ക് ക്ഷണിച്ചിരുന്നു. അപ്പോള്‍ മെത്രാന്‍ നടത്തിയ ക്ഷണപ്രകാരമാണ് സംഘത്തിന്റെ ചെയര്‍മാനും എം.പിയുമായ അലെക്സാണ്ടര്‍ സ്റ്റാഫോര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം യുക്രൈന്‍ കത്തോലിക്കാ കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിച്ചത്. സന്ദര്‍ശനം സാധ്യമാക്കുവാന്‍ സഹായിച്ചതിന് ബിഷപ്പ് കെന്നത്തിനും, എം.പി മാര്‍ക്കും കത്തോലിക്ക യൂണിയന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിംസ് സോമര്‍വില്ലെ-മെയിക്കിള്‍ നന്ദി അര്‍പ്പിച്ചു.