News

നിശബ്ദമായ പ്രദക്ഷിണത്തോടെ പ്രത്യാശയോടെ ആഗമന കാലത്തെ വരവേറ്റ് ബെത്‌ലഹേം നഗരം

പ്രവാചകശബ്ദം 07-12-2023 - Thursday

ബെത്‌ലഹേം: യുദ്ധത്തിന് നടുവിൽ യേശുക്രിസ്തു ജനിച്ച ബെത്‌ലഹേം നഗരത്തിൽ വിശ്വാസി സമൂഹം ആഗമനകാലത്തെ വരവേറ്റത് നിശബ്ദമായ പ്രദക്ഷിണത്തോടെ. എല്ലാ വർഷത്തെയും പോലെ ബെത്‌ലഹേം നഗരത്തിലേയ്ക്ക് എത്തിച്ചേർന്ന പ്രദക്ഷിണത്തിൽ വിശുദ്ധ നാട്ടിൽ കസ്റ്റോസ് പദവി വഹിക്കുന്ന ഫാ. ഫ്രാൻസിസ്കോ പാറ്റണും, ഫ്രാൻസിസ്കൻ സന്യസ്തരും അടക്കം പങ്കെടുത്തു. എല്ലാവർഷവും നൂറുകണക്കിന് സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും പങ്കെടുത്തിരുന്ന പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ ഇത്തവണ വളരെ ചെറിയൊരു സമൂഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

വാദ്യഘോഷത്തിന്റെ അകമ്പടി ഉണ്ടായിരുന്ന മുൻ വർഷങ്ങളിലെ പ്രദക്ഷിണങ്ങളിൽ നിന്ന് വ്യത്യസ്തമായി നിശബ്ദതയിലാണ് വിശ്വാസി സമൂഹം നടന്നു നീങ്ങിയത്. ശനിയാഴ്ച രാവിലെ വാഹനങ്ങളുടെ അകമ്പടിയോടുകൂടി ജെറുസലേമിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണം ബെത്‌ലഹേമിൽ പ്രവേശിക്കുന്നതിന് മുന്‍പ് ഏലിയാ പ്രവാചകന്‍ അഭയം പ്രാപിച്ചു എന്ന് കരുതപ്പെടുന്ന പ്രവാചകൻറെ പേരിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് ആശ്രമത്തിൽ അല്പസമയം പ്രാര്‍ത്ഥനാനിര്‍ഭരമായി ചെലവഴിച്ചു.

പ്രത്യേക അവസരങ്ങളിൽ ക്രൈസ്തവ സഭകൾക്ക് കടന്നു പോകാൻ മാത്രം അനുവാദമുള്ള ഒരു കവാടത്തിലൂടെയാണ് പ്രദക്ഷിണം ബെത്‌ലഹേമിൽ പ്രവേശിച്ചത്. ഇതിൽ മേയറും, ഗവർണറും, പോലീസ് മേധാവിയും അടക്കം ഉണ്ടായിരുന്നു. തിരുപ്പിറവിയുടെ ബസിലിക്കയിൽ പ്രവേശിച്ച ഫാ. ഫ്രാൻസിസ്കോ പാറ്റൺ യേശുക്രിസ്തുവിന്റെ തൊട്ടിലിന്റെ തിരുശേഷിപ്പിനെ വണങ്ങി. ഇത് 2019ൽ ഫ്രാൻസിസ് മാർപാപ്പ കൈമാറിയതായിരിന്നു. അവിടെവച്ച് അവർ ആഗമന കാലം ആരംഭിച്ചതിന്റെ പ്രതീകമായി തിരികൾ തെളിയിച്ചു. മാൻജർ സ്ക്വയറിൽ പ്രവേശിച്ചപ്പോൾ പ്രദക്ഷിണത്തെ വരവേൽക്കാൻ പ്രാദേശിക ഭരണകൂടം എത്തിയിരുന്നു.


Related Articles »