News - 2025
കോംഗോയിൽ സലേഷ്യന്‍ മിഷ്ണറി വൈദികന്‍ കുത്തേറ്റ് കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 15-12-2023 - Friday
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ (ഡിആർസി) തലസ്ഥാനം ഉൾപ്പെടുന്ന കോംഗോ പ്രവിശ്യയായ കിൻഷാസയിൽ 82 വയസ്സുള്ള സലേഷ്യൻ വൈദികന്‍ കൊല്ലപ്പെട്ടു. അർദ്ധരാത്രിയോടെ ഒന്നിലധികം അക്രമികൾ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ബെല്‍ജിയം സ്വദേശിയായ ഫാ. പോൾ ഫെയെന്‍ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. വൈദികന്‍ കൊല്ലപ്പെട്ടത് കുത്തേറ്റിട്ടാണെന്ന് പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊലപാതകത്തിനു പിന്നിലുള്ള കാരണം ഇനിയും വ്യക്തമല്ല. മസിന മുനിസിപ്പാലിറ്റി പരിധിയിലാണ് സംഭവം. അബാറ്റോയർ ജില്ലയിലെ മരിയ ഓക്സിലിയാട്രിസ് ഇടവകയിൽ ശുശ്രൂഷ ചെയ്തു വരികയായിരിന്നു അദ്ദേഹം. അക്രമം വളരെ അപ്രതീക്ഷിതമായിരിന്നുവെന്നും വൈദികന്‍ ആരോഗ്യപരമായി ഒത്തിരി വെല്ലുവിളി നേരിടുന്നുണ്ടായിരിന്നുവെന്ന് സ്റ്റെലിമോയിലെ ഡീക്കൻ വാർഡ് സീസെൻസ് വെളിപ്പെടുത്തി.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന യുവജനങ്ങള്‍ക്കു ജീവിതസാഹചര്യം ഒരുക്കിയും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയായിരിന്നു ഫാ. പോൾ ഫെയെന്‍. നിരവധി കുത്തേറ്റ നിലയിലായിരിന്ന ഫാ. ഫെയന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അന്വേഷണത്തിലൂടെ കൃത്യമായ സാഹചര്യങ്ങൾ വ്യക്തമാകുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സലേഷ്യന്‍ നേതൃത്വം മാധ്യമങ്ങളെ അറിയിച്ചു.