News - 2024

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഭ്രൂണഹത്യ അനുകൂല നിലപാട് മുറുകെ പിടിക്കാന്‍ ബൈഡന്‍ - ഹാരിസ് സഖ്യം

പ്രവാചകശബ്ദം 21-12-2023 - Thursday

വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയിൽ ഭ്രൂണഹത്യ സുപ്രീംകോടതി നിയമവിധേയമാക്കിയ റോ വെസ് വേഡ് വിധിയുടെ വാർഷിക ദിനത്തിൽ രാജ്യത്ത് ഭ്രൂണഹത്യ അനുകൂല റാലി ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പ്രഖ്യാപിച്ചു. 'ഫൈറ്റ് ഫോർ റീപ്രൊഡക്ടീവ് ഫ്രീഡംസ്' എന്ന് പേരിട്ടിരിക്കുന്ന ഇലക്ഷനോട് അനുബന്ധിച്ചുള്ള പ്രചാരണം ജനുവരി 22-നു ആയിരിക്കും ആരംഭിക്കുക. വിസ്കോൺസിൻ സംസ്ഥാനമാണ് പ്രചാരണത്തിന്റെ തുടക്ക സ്ഥലമായി തെരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഭ്രൂണഹത്യ പ്രധാനപ്പെട്ട പ്രചാരണ വിഷയം ആയിരിക്കുമെന്ന് ജോ ബൈഡൻ- കമലാ ഹാരിസ് ടീമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ പദവി മൈക്കിൾ ടൈലർ സിഎൻഎന്നിനോട് പറഞ്ഞിരുന്നു.

റോ വെസ് വേഡ് വിധി തിരികെ പ്രാബല്യത്തിൽ കൊണ്ടുവരുമെന്നാണ് ബൈഡനും, കമലാ ഹാരിസും പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പാർട്ടികൾക്കും മേധാവിത്വം അവകാശപ്പെടാൻ സാധിക്കാത്ത സംസ്ഥാനങ്ങളിൽ ഭ്രൂണഹത്യ അനുകൂല ക്യാമ്പയിനും ഇരുവരും അടുത്തിടെ തുടക്കം കുറിച്ചിരുന്നു. 2022 ജൂൺ മാസം സുപ്രീംകോടതി റോ വെസ് വേഡ് കേസിലെ 1973ലെ വിധി അസാധുവായി പ്രഖ്യാപിച്ചതിനാൽ, ദേശീയതലത്തിൽ ഇപ്പോൾ ഭ്രൂണഹത്യയ്ക്ക് നിയമ സാധുതയില്ല. ഭ്രൂണഹത്യയെ സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ അവകാശമുള്ളത്.

അമേരിക്കയില്‍ ദേശവ്യാപകമായി അബോര്‍ഷന്‍ നിയമവിധേയമാക്കിയ റോ വി. വേഡ് വിധി അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ അബോര്‍ഷന് കൂടുതല്‍ സൗകര്യമൊരുക്കണമെന്നു കമല ഹാരിസും ബൈഡനും തന്റെ പ്രസംഗങ്ങളിലൂടെ ആഹ്വാനം ചെയ്തിരിന്നു. രാജ്യം ഭരിക്കുന്ന ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ ഭ്രൂണഹത്യ അനുകൂല നിലപാടിനെതിരെ കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ പ്രതിഷേധം ശക്തമാണ്. അതേസമയം 2023ന്റെ ആദ്യ പകുതിയിൽ വിവിധ സംസ്ഥാനങ്ങൾ സുപ്രീംകോടതി വിധിക്ക് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ഭ്രൂണഹത്യയ്ക്ക് വിധേയമാകേണ്ടിയിരുന്ന 32,000 ഗർഭസ്ഥ ശിശുക്കളെ രക്ഷപ്പെടുത്താൻ സാധിച്ചുവെന്ന് നവംബർ മാസം പുറത്തുവന്ന റിപ്പോർട്ടില്‍ വെളിപ്പെടുത്തിയിരുന്നു.


Related Articles »