News - 2024

പുതുവത്സരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നന്ദി വേണോ, കടപ്പാടു വേണോ?

ഫാദർ ജെൻസൺ ലാസലെറ്റ് 31-12-2023 - Sunday

വർഷങ്ങൾക്കു മുമ്പ് നടന്നതാണീ സംഭവം. ഒരു വ്യക്തി വീട് പണിയ്ക്ക് സഹായഭ്യർത്ഥനയുമായി വന്നു. ചെറിയൊരു സഹായം നൽകി. കുറച്ച് യുവാക്കളോടൊപ്പം പോയി പണികൾക്കും സഹായിച്ചു.വർഷങ്ങളേറെ കഴിഞ്ഞിട്ടും ആ ഗൃഹനാഥൻ ഇടയ്ക്കെല്ലാം ഫോൺ വിളിക്കും:

"അച്ചന് തിരക്കാണെന്നറിയാം. അതുകൊണ്ടാണ് കൂടെക്കൂടെ വിളിച്ച് ശല്യപ്പെടുത്താത്തത്. പ്രാർത്ഥനയിൽ എന്നുമോർക്കുന്നുണ്ട്. ഞങ്ങളെ ഓർക്കുന്നുണ്ടെന്ന് അറിയാം. ആരോഗ്യം ശ്രദ്ധിക്കണേ. ഒത്തിരി അലച്ചിലുകൾ, ഉണ്ടെന്നറിയാം. അതുകൊണ്ട് പറഞ്ഞതാണ്. ഒന്നും വിചാരിക്കരുത്."

ചെറിയൊരു സഹായം മാത്രം ലഭിച്ചതിന്റെ പേരിൽ കൂടെക്കൂടെ അന്വേഷിക്കുകയും പ്രാർത്ഥനയിൽ ഓർക്കുകയും ചെയ്യുന്ന ആ കുടുംബത്തിന്റെ നന്മനിറഞ്ഞ മുഖങ്ങളാണ് ഇതു കുറിക്കുമ്പോൾ എന്റെ മനസ്സിലുള്ളത്. അതോടൊപ്പം ആത്മാർത്ഥമായ് സ്നേഹിച്ചരിൽ പലരും വഴിമാറിപ്പോകുന്ന കാഴ്ചയും മുന്നിലുണ്ട്.

നന്ദിയും കടപ്പാടും രണ്ടാണ്.ചിലരോട് വേണ്ടത്നന്ദിയാണെങ്കിൽ മറ്റു ചിലരോട് വേണ്ടത് കടപ്പാടാണ്. എന്തു നൽകിയാലും കൊടുത്തു വീട്ടാൻ കഴിയാത്ത, മരണം വരെ അവശേഷിക്കുന്ന കടമാണ് കടപ്പാട്. അത് ഏറ്റവും കൂടുതൽ വേണ്ടത് ദൈവത്തോടും മാതാപിതാക്കളോടുമാണ്.

ഒരു വർഷം കൂടി വിട ചൊല്ലുമ്പോൾ കൂപ്പുകരങ്ങളോടെ വേണം ദൈവതിരുമ്പിൽ നിൽക്കാൻ. തളർന്നു പോകുമെന്ന് കരുതിയ എത്രയോ നിമിഷങ്ങളിൽ അവിടുത്തെ കരവലയം നമുക്ക് താങ്ങായ് മാറിയിരിക്കുന്നു. ഉത്തരം ലഭിക്കാത്ത പല ചോദ്യങ്ങൾക്കു മുമ്പിലും വെളിവിന്റെ വഴിവെട്ടമായ് അവിടുന്ന് കടന്നുവന്നിട്ടില്ലേ?

നന്ദിയുള്ളവരായിരിക്കുക എന്നത് ദൈവം ആഗ്രഹിക്കുന്ന പുണ്യമാണ്. പത്ത് കുഷ്ഠരോഗികളുടെ ഉപമയിലൂടെ അതുതന്നെയാണ് ക്രിസ്തു പഠിപ്പിക്കുന്നതും. "പത്തുപേരല്ലേ സുഖപ്പെട്ടത്‌?ബാക്കി ഒന്‍പതു പേര്‍ എവിടെ?"

(ലൂക്കാ 17:17) എന്ന ചോദ്യം ഇന്നും അന്തരീക്ഷത്തിൽ ഉയരുന്നുണ്ട്.

ലഭിച്ച അനുഗ്രഹങ്ങൾക്ക് ദൈവത്തിന് മുമ്പിലും മനുഷ്യർക്കു മുമ്പിലും നന്ദിയുള്ളവരായിരിക്കാം. നന്ദിയുടെ ഉറവകൾ വറ്റുന്നിടത്ത് അനുഗ്രഹത്തിന്റെ വിളക്കുകൾ അണഞ്ഞു പോകും. നന്ദി നിറഞ്ഞ ഹൃദയത്തോടെ 2024ലേക്ക് പ്രവേശിക്കാം.

പുതുവത്സരാശംസകൾ!


Related Articles »