News - 2025
വെനിസ്വേലയിൽ കെനിയൻ മിഷ്ണറി വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
പ്രവാചകശബ്ദം 06-01-2024 - Saturday
കാരക്കാസ്: തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ കെനിയയിൽ നിന്നുള്ള മിഷ്ണറി വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൊണഗാസ് സംസ്ഥാനത്തെ ഗ്വാര പട്ടണത്തിൽ ജനുവരി 1 തിങ്കളാഴ്ച കാണാതായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസോളറ്റ മിഷ്ണറീസ് (ഐഎംസി) അംഗമായ ഫാ. ജോസിയ ആസാ കോകലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 2 ചൊവ്വാഴ്ച രാവിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ജനുവരി 1ന് രാവിലെ 9 മണിയോടെ ടുക്കുപിറ്റ മുനിസിപ്പാലിറ്റിയിലെ പലോമ സെക്ടറിലുള്ള തന്റെ വസതിയിൽ നിന്ന് വൈദികൻ സൈക്കിളിൽ പുറപ്പെട്ടതാണെന്നു ദൃക്സാക്ഷികൾ മൊഴി നല്കിയിട്ടുണ്ട്. രാവിലെ 11 മണിയോടെ കാണാതാവുന്നതിന് മുമ്പ് ദേശീയ പാതയുടെ ഒരു ഭാഗത്തുള്ള ജനോകോസെബെ സെറ്റിൽമെന്റിലെ താമസക്കാരെ അദ്ദേഹം സന്ദർശിച്ചതായും സ്ഥിരീകരണമുണ്ട്. പിന്നീട് എന്ത് സംഭവിച്ചുവെന്നതാണ് അവ്യക്തമായി തുടരുന്നത്.
1969-ൽ കെനിയയിലെ കിസുമു അതിരൂപതയിലെ സിയായയിൽ ജനിച്ച ജോസിയ ആസാ ഇരുപത്തിനാലാം വയസ്സിൽ 1993-ൽ കൺസോളറ്റ സമൂഹത്തിൽ അംഗമായി മിഷ്ണറി വൈദികനാകാൻ തീരുമാനമെടുത്തു. 1997 ഓഗസ്റ്റിൽ അദ്ദേഹം വൈദികനായി നിയമിതനായി. വൈകാതെ വെനസ്വേലൻ പൗരത്വം സ്വീകരിച്ചു.
വരാവോ ജനതയുടെ അപ്പോസ്തലനും സഹോദരനുമായി അദ്ദേഹം തന്റെ പൗരോഹിത്യ ജീവിതത്തിന്റെ ഭൂരിഭാഗവും ജീവിച്ചതെന്നും പ്രദേശവാസികളുടെ ആവശ്യങ്ങൾ എപ്പോഴും ശ്രദ്ധിക്കുകയും അവരുടെ പോരാട്ടങ്ങളിൽ കൂട്ടാളിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് വെനസ്വേലയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി അനുസ്മരിച്ചു. തിരുപ്പട്ടം സ്വീകരിച്ചത് മുതൽ വെനസ്വേലയിൽ അദ്ദേഹം സേവനമനുഷ്ഠിക്കുകയായിരിന്നു.