News - 2024

ഇസ്ലാമിക് സ്റ്റേറ്റ്സ് നശിപ്പിച്ച ഇറാഖി ദേവാലയത്തില്‍ പത്ത് വർഷത്തിന് ശേഷം ആദ്യമായി ദിവ്യബലിയര്‍പ്പണം

പ്രവാചകശബ്ദം 12-01-2024 - Friday

മൊസൂള്‍: പത്ത് വർഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തിൽ തകർക്കപ്പെട്ട വടക്കൻ ഇറാഖിലെ മൊസൂളിലെ ദേവാലയങ്ങളിലൊന്നായ "ഡൊമിനിക്കൻ ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് ദ അവർ" പൂർണ്ണമായും പുനരുദ്ധരിച്ചു. യുനെസ്‌കോയുടെ സഹകരണത്തോടെ പുനർനിർമ്മിച്ച ദേവാലയചിത്രങ്ങൾ ഫ്രഞ്ച് ബിബ്ലിക്കൽ ആൻഡ് ആർക്കിയോളജിക്കൽ സ്കൂൾ ഓഫ് ജറുസലേമിന്റെ ഡയറക്ടർ, ഫാ. ഒലിവിയർ പോക്യൂതോലനാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ ദിനമായിരുന്ന ജനുവരി 1നു ആദ്യമായി നിരവധി സന്യാസിമാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ഡൊമിനിക്കൻ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. ജെറാർഡ് ഫ്രാൻസിസ്കോ ടിമോണറിന്റെ കാർമികത്വത്തിൽ സമാധാനം സംജാതമാകുവാൻ ദേവാലയത്തില്‍ ദിവ്യബലി അർപ്പിച്ചു. 1873 ലാണ് അറബിയിൽ 'അൽ-സാ' എന്ന ഔദ്യോഗിക നാമമുള്ള ലത്തീൻ പള്ളിയായ "ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് ദ അവർ" ഇറാഖിൽ ഡൊമിനിക്കൻ സമൂഹത്തിന്റെ കേന്ദ്രമായി സ്ഥാപിക്കപ്പെട്ടത്.

ഇറാഖിലെ ആദ്യത്തെ പ്രിന്റിംഗ് പ്രസ്സും ഗേൾസ് സ്കൂളും ഉൾപ്പെടെ പ്രധാന സാംസ്കാരിക അക്കാദമിക കേന്ദ്രം കൂടിയായിരുന്നു ഇത്. ക്രൈസ്തവർ, യസീദികൾ, സുന്നി, ഷിയ മുസ്ലീമുകൾ, അറബികൾ, കൽദായർ, കുർദുകൾ തുടങ്ങിയ വിവിധ സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങളാൽ സവിശേഷമായ ഒരു ചരിത്രമുള്ള ജില്ലയായ മൊസൂളിലെ പഴയ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിന്റെ ഓരോ ഘട്ടങ്ങളിലും ഡൊമിനിക്കൻ സന്യാസികളാണ് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിരിന്നത്.

2014-ലെ വേനൽക്കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നഗരം ആക്രമിച്ച് കീഴ്പ്പെടുത്തിയതോടുകൂടി ഇറാഖി സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ദേവാലയത്തിനു സാരമായ കേടുപാട് സംഭവിക്കുകയായിരിന്നു. വൈകാതെ, ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആയുധങ്ങളുടെ സംഭരണശാലയായും ദേവാലയത്തെ ഉപയോഗിച്ചു. 2020 ഏപ്രിലിൽ, യുനെസ്കോ പള്ളിയുടെയും മൊസൂൾ നഗരത്തിന്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ഡൊമിനിക്കൻ സമൂഹത്തിന്റെ സജീവപങ്കാളിത്തത്തോടെ ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമായിരിന്നു.


Related Articles »