News - 2024

ഗാസയിലെ ക്രിസ്ത്യാനികൾ കഴിയുന്നത് കടുത്ത ദാരിദ്ര്യത്തിൽ: ജെറുസലേം പാത്രിയാർക്കീസ് ​​പിസബല്ല

പ്രവാചകശബ്ദം 17-01-2024 - Wednesday

റോം: ഗാസയിലെയും വിശുദ്ധ നാട്ടിലെ മറ്റിടങ്ങളിലെയും ക്രൈസ്തവ സമൂഹത്തിന്റെ സാഹചര്യം പരിതാപകരമാണെന്ന് ജെറുസലേം പാത്രിയാർക്കീസ് പിയര്‍ബാറ്റിസ്റ്റ ​​പിസബല്ല. റോമിലെത്തിയ അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു. മേഖലയിലെ സംഭാഷണത്തിന്റെ അവസ്ഥയും സമാധാനത്തിനുള്ള സാധ്യതകളും തങ്ങൾ ചർച്ച ചെയ്തതായി മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

വീടുകളില്ല, വെള്ളമില്ല, വൈദ്യുതിയില്ല, ഒന്നുമില്ല, ഇത് കടുത്ത ദാരിദ്ര്യത്തിന്റെ അവസ്ഥയാണ്. കൂടാതെ സ്ഥാപനങ്ങളൊന്നും നിലവിലില്ല. ജോർദാനിലെ സ്ഥിതി സങ്കീർണ്ണമാണ്. രാഷ്ട്രീയവും മാനുഷികവുമായ വീക്ഷണ കോണിൽ നിന്ന് സുസ്ഥിരമായ ഒരേയൊരു രാജ്യമാണിത്. ഗാസയിലേക്ക് മാനുഷിക സഹായം ആവശ്യമുള്ളപ്പോൾ, ഞങ്ങളുടെ വിലാസം ജോർദാനിലെ റോയൽ ഹൗസാണ്.

ഗാസയുമായും അവിടെ അവശേഷിക്കുന്ന അധികാര കേന്ദ്രങ്ങളുമായും ആശയവിനിമയത്തിന്റെ ചാനലുകൾ നിലനിർത്താൻ കഴിയുമോയെന്നറിയാൻ അബ്ദുള്ള രാജാവുമായും ജോർദാൻ സർക്കാരുമായും വിവിധ വകുപ്പുകളുമായും സംസാരിച്ചതായും പാത്രിയാർക്കീസ് പറഞ്ഞു. പ്രശ്നങ്ങള്‍ക്കു ഉടൻ പരിഹാരമുണ്ടാകുമെന്ന് കരുതുന്നില്ല. ഇസ്രായേലിനും ഹമാസിനും ഇടയിൽ ഇരുപക്ഷവും തമ്മിലുള്ള ആശയവിനിമയത്തിനുള്ള വഴികൾ കണ്ടെത്തുക എന്നതാണ് ഇപ്പോൾ പ്രധാനം. ഈ ലക്ഷ്യത്തിനായി കത്തോലിക്കാ സഭ തുടർന്നും പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒക്ടോബർ 7നു ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തെ തുടർന്നു ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ടത് 135 പേരാണ്. ഇതുവരെ 23,843 പാലസ്തീൻ സ്വദേശികള്‍ കൊല്ലപ്പെട്ടു. 60,317 പേർക്കു പരുക്കേറ്റു. മധ്യ ഗാസയിലെ ബുറൈജ്, നുസുറത്ത്, മഗാസി അഭയാർത്ഥി മേഖലകളിലും രൂക്ഷമായ വ്യോമാക്രമണം തുടരുകയാണ്. അതേസമയം ഹമാസ് തടങ്കലില്‍ ഇപ്പോഴും ഇസ്രയേല്‍ ബന്ധികള്‍ കഴിയുന്നുണ്ട്.


Related Articles »