News - 2024

എല്ലാവരും ദൈവത്തിന്റെ കണ്ണുകളിൽ അമൂല്യര്‍: പാലസ്തീൻ - ഇസ്രായേൽ പ്രശ്‌നം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച് വത്തിക്കാന്‍

പ്രവാചകശബ്ദം 27-01-2024 - Saturday

ജനീവ: ഇസ്രായേലും പാലസ്തീനിലും ഉൾപ്പെടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും, മനുഷ്യർക്ക് സമാധാനത്തോടെ ജീവിക്കാൻ അവകാശമുണ്ടെന്നും എല്ലാവരും ദൈവത്തിന്റെ കണ്ണുകളിൽ അമൂല്യരാണെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിലിൽ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ, ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച. മാനവികനിയമം നിലവിൽവരുന്നതിലൂടെ മാത്രമേ മധ്യപൂർവ്വദേശങ്ങളിൽ മനുഷ്യാന്തസ്സ്‌ നിലനിൽക്കുകയുള്ളൂ. ഇസ്രായേലിന് നേരെ ഒക്ടോബർ 7-ന് നടന്ന ഭീകരാക്രമണത്തെയും, പാലസ്തീനയ്ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെയും ഫ്രാൻസിസ് പാപ്പ അപലപിച്ചിരുന്നുവെന്ന് ആർച്ച് ബിഷപ്പ് ഗബ്രിയേലേ ജനുവരി 24-ന് സുരക്ഷാകൗൺസിലിൽ നടത്തിയ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

ഗാസയിൽ ബന്ദികളായി തുടരുന്ന ആളുകളെ മോചിപ്പിക്കുന്നതിന് നടപടികൾ വേണം. എന്നാൽ അതേസമയം, അവിടെ മാനവികസഹായമെത്തിക്കുന്നതിന് സൗകര്യമൊരുക്കണം. ഇരുപതിനായിരത്തിലധികം ആളുകൾ അവിടെ കൊല്ലപ്പെട്ടു. ഇരുപത്ലക്ഷത്തിലധികം ആളുകൾ ഭാവനരഹിതരായി. ചിലരുടെ ഭീകരപ്രവർത്തനത്തിന്റെ പേരിൽ ഒരു ജനത മുഴുവൻ സഹിക്കേണ്ടിവരുന്നത് ഒഴിവാക്കപ്പെടണം. സ്വയം പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ അന്താരാഷ്ട്ര മാനവിക നിയമങ്ങളുടെ തത്വങ്ങൾ അനുസരിച്ചായിരിക്കണമെന്നും ആർച്ച് ബിഷപ്പ് കാച്ച ഓർമ്മിപ്പിച്ചു.

ആശുപത്രികളും, സ്കൂളുകളും, ആരാധനാലയങ്ങളും യുദ്ധ, ആക്രമണലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അപലപനീയമാണ്. ഗാസയിലെ ഭീകരതയിൽനിന്ന് ഓടി രക്ഷപെടാൻ പരിശ്രമിക്കുന്നവർക്കുള്ള അവസാന ആശ്രയമാണ് ഇത്തരം കേന്ദ്രങ്ങള്‍. അന്താരാഷ്ട്ര മാനവിക നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ അന്താരാഷ്ട്രസമൂഹം ശ്രദ്ധിക്കണം. മാനവികാന്തസ്സ്‌ ഉറപ്പാക്കണം. എല്ലാ മനുഷ്യർക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കേണ്ടതുണ്ടെന്നും, ആർച്ച് ബിഷപ്പ് യു‌എന്‍ യോഗത്തില്‍ പറഞ്ഞു.


Related Articles »