News - 2024

ഗാസയിലെ സാഹചര്യം അറിയുവാന്‍ ജെറുസലേം പാത്രിയാര്‍ക്കീസിനെ ഫോണിൽ വിളിച്ച് പാപ്പ

പ്രവാചകശബ്ദം 07-02-2024 - Wednesday

വത്തിക്കാന്‍ സിറ്റി: ഗാസയിലെ സാഹചര്യം അറിയുവാന്‍ ജെറുസലേമിലെ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് പാപ്പ. ഇന്ന് ഫെബ്രുവരി ഏഴാം തീയതിയിലെ പൊതുകൂടിക്കാഴ്ചയ്ക്കു ഏതാനും മണിക്കൂറുകൾക്കു മുൻപാണ് പാപ്പ ജെറുസലേമിലെ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റയെ ഫോണിൽ വിളിച്ചത്. ഔദ്യോഗികമില്ലാത്ത സംഭാഷണത്തിൽ ഗാസയിലെ തിരുക്കുടുംബ ഇടവക ദേവാലയത്തിന്റെ സ്ഥിതിഗതികളെ പറ്റിയാണ് പാപ്പ കൂടുതലായി ചോദിച്ച് അറിഞ്ഞതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധാരാളം അഭയാർത്ഥികൾക്ക് സഹായം നൽകുന്ന ഇടവകയിൽ, യുദ്ധത്തിന്റെ മൂർദ്ധന്യാവസ്ഥ ഉണ്ടാക്കുന്ന ക്ഷാമം, പരിശുദ്ധപിതാവ് ചോദിച്ചു മനസിലാക്കി. ഗാസയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കായുള്ള തന്റെ പ്രാർത്ഥന പാപ്പ അറിയിച്ചു. യുദ്ധക്കെടുതിയാൽ വലയുന്ന ജനതയെപ്പറ്റി വ്യക്തിപരമായ കത്തുകൾ മുഖേനയും, ഫോൺ കോളുകൾ മുഖേനയും, നേരിട്ടും മനസിലാക്കുന്ന ഫ്രാൻസിസ് പാപ്പയുടെ മാനുഷിക പരിഗണന ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നതാണ് ഫോൺ സംഭാഷണമെന്ന്‍ 'വത്തിക്കാന്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

തണുപ്പുകാലം കഠിനമായി തുടരുന്ന സാഹചര്യത്തിൽ ചൂടു നിലനിർത്തുന്നതിനാവശ്യമായ സാമഗ്രികളുടെ കുറവ് വിഷമകരമായ സാഹചര്യം ഉളവാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍വ്വതും നഷ്ട്ടപ്പെട്ട ജനവിഭാഗമായതിനാല്‍ അവർക്കു വേണ്ടുന്ന എല്ലാ കാര്യങ്ങളും ഒരുക്കുവാൻ, പരിമിതമായ സാഹചര്യങ്ങൾ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഗാസയിലെ ഏക കത്തോലിക്ക ഇടവക ദേവാലയത്തിന്റെ വികാരിയായ ഫാ. ഗബ്രിയേൽ റോമനെല്ലിയുമായും, സഹ വികാരിയായ ഫാ. യൂസഫ് ആസാദുമായും, സിസ്റ്റേഴ്‌സുമായും അനുദിനം ഫ്രാൻസിസ് പാപ്പാ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. യുദ്ധത്തിന്റെ ഭീകരത ഏറെ അനുഭവിക്കുന്ന ഗാസയിലെ കുഞ്ഞുങ്ങൾക്ക് ചികിത്സ ഉറപ്പാക്കിക്കൊണ്ട് ഇറ്റാലിയൻ സർക്കാർ, സഭയോടൊപ്പം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.


Related Articles »