News - 2024

നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വൈദികര്‍ക്കു മോചനം

പ്രവാചകശബ്ദം 12-02-2024 - Monday

അബൂജ: നൈജീരിയയിലെ പങ്ക്‌ഷിന്‍ രൂപത പരിധിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വൈദികര്‍ക്കു മോചനം. ക്ലരീഷ്യന്‍ മിഷ്ണറിമാര്‍ എന്നറിയപ്പെടുന്ന മിഷ്ണറീസ് സൺസ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി കോൺഗ്രിഗേഷൻ അംഗങ്ങളായ ഫാ. കെന്നത്ത് കൻവ, ഫാ. ജൂഡ് നവാച്ചുക്വു എന്നീ വൈദികരാണ് മോചിതരായിരിക്കുന്നത്. 'ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ'യുടെ (CAN) പ്ലേറ്റോ ചാപ്റ്ററിന്റെ ചെയർമാൻ ഫാ. പോളികാർപ്പ് ലൂബോ, മാധ്യമങ്ങള്‍ക്കു നൽകിയ അഭിമുഖത്തിൽ വൈദികരുടെ മോചന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

വൈദികരുടെ മോചനത്തിനായി മോചനദ്രവ്യം നൽകിയിരുന്നോ എന്ന് വെളിപ്പെടുത്താൻ 'ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ' തയാറായിട്ടില്ല. ഫാ. കൻവ, പങ്ക്‌ഷിന്‍ രൂപതയിലെ സെൻ്റ് വിൻസെൻ്റ് ഡി പോൾ ഇടവകയില്‍ സേവനമനുഷ്ഠിച്ചു വരികയായിരിന്നു. സഹവികാരിയായിരിന്നു ഫാ. ജൂഡ്. ഫെബ്രുവരി 1 വ്യാഴാഴ്‌ച രാത്രി ഇടവക റെക്‌റ്ററിയിൽ വെച്ചാണ് വൈദികരെ തട്ടിക്കൊണ്ടുപോയത്. വൈദികരുടെ മോചനത്തിനായി പങ്ക്‌ഷിന്‍ രൂപതയും ക്ലരീഷ്യന്‍ സമൂഹവും പ്രാര്‍ത്ഥന യാചിച്ചിരിന്നു.

മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ആക്രമണങ്ങൾ തുടങ്ങീ നിരവധി പ്രതിസന്ധികളാല്‍ നട്ടം തിരിയുന്ന രാജ്യമാണ് നൈജീരിയ. ക്രൈസ്തവരാണ് ഏറ്റവും കൂടുതല്‍ തവണ ആക്രമണത്തിന് ഇരയാകുന്നത്. അക്രമങ്ങളില്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തതിനെതിരെ പ്രതിഷേധം വ്യാപകമാണ്.

Posted by Pravachaka Sabdam on 

Related Articles »