News - 2024

കോപ്റ്റിക് രക്തസാക്ഷികളെ അനുസ്മരിച്ചുള്ള പരിപാടിയില്‍ ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കും

പ്രവാചകശബ്ദം 14-02-2024 - Wednesday

വത്തിക്കാന്‍ സിറ്റി: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ക്രിസ്തു വിശ്വാസത്തെ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ സ്മരണാര്‍ത്ഥമുള്ള പരിപാടിയില്‍ ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കും. നാളെ വ്യാഴാഴ്ച സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന എക്യുമെനിക്കൽ പരിപാടിയില്‍ മാര്‍പാപ്പ പങ്കെടുക്കുമെന്ന് ഡിക്കാസ്റ്ററി ഫോർ പ്രൊമോട്ടിംഗ് ക്രിസ്ത്യൻ യൂണിറ്റിയാണ് അറിയിച്ചിരിക്കുന്നത്.

ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററി പ്രസിഡൻ്റ് കർദ്ദിനാൾ കുർട്ട് കോച്ചിൻ്റെ അധ്യക്ഷതയിൽ വൈകുന്നേരം 5 മണിക്കാണ് എക്യുമെനിക്കൽ പരിപാടി ആരംഭിക്കുക. ക്വയർ ചാപ്പലിൽ കോപ്റ്റിക് ഗായകസംഘത്തിൻ്റെ പരിപാടിയും നടക്കും. 2015 ഫെബ്രുവരി 12ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ 'ഡാബിക്'ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രൈസ്തവരായ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു.

മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. യേശുവിലുള്ള വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »