News - 2024

ഏപ്രിൽ മാസത്തിൽ ഫ്രാൻസിസ് പാപ്പ വെനീസ് സന്ദർശിക്കും

പ്രവാചകശബ്ദം 15-02-2024 - Thursday

വെനീസ്: ഇറ്റലിയുടെ തെക്കൻ നഗരമായ വെള്ളത്താൽ ചുറ്റപ്പെട്ട നയന മനോഹരമായ വെനീസിലേക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്താന്‍ ഫ്രാന്‍സിസ് പാപ്പ. വിശ്വാസികളുമായുള്ള കൂടിക്കാഴ്ചകൾക്കു പുറമെ, ജ്യൂദേക്കയിലെ വനിത ജയിലും, ബിയെന്നായിലെ പരിശുദ്ധ സിംഹാസനത്തിന്റെ പവിലിയനും പാപ്പ സന്ദർശിക്കും. വെനീസിന്റെ മധ്യസ്ഥനായ വിശുദ്ധ മർക്കോസിന്റെ തിരുനാളിനു മൂന്നു ദിവസങ്ങൾക്കു ശേഷമാണ് ഫ്രാൻസിസ് പാപ്പാ വെനീസിൽ എത്തിച്ചേരുന്നതെന്നത് ശ്രദ്ധേയമാണ്.

വെനീസ് സന്ദർശിക്കുവാനുള്ള ഫ്രാൻസിസ് പാപ്പയുടെ തീരുമാനത്തിനു പാത്രിയാർക്കീസ് ഫ്രാഞ്ചെസ്‌കോ മൊറാല്യ നന്ദി പ്രകടിപ്പിച്ചു. പാപ്പയുടെ വരവിനായി, ആത്മീയമായും വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിൽ നമുക്ക് നന്നായി തയാറെടുക്കാമെന്ന് പാത്രിയാർക്കീസ് 'വത്തിക്കാന്‍ ന്യൂസി'നോട് പറഞ്ഞു. ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം നഗരത്തിനും, പ്രദേശത്തിനും ഒരു ചരിത്ര ദിനമായിരിക്കുമെന്നു വെനീസിന്റെ മേയർ ലൂയിജി ബ്രൂഞ്ഞാറോ പറഞ്ഞു.

വെനീസ് സന്ദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍ പ്രദേശം സന്ദര്‍ശിക്കുന്ന നാലാമത്തെ പത്രോസിന്റെ പിന്‍ഗാമിയായി ഫ്രാൻസിസ് പാപ്പ മാറും. 1972-ൽ പോൾ ആറാമൻ പാപ്പയും, 1985-ൽ ജോൺ പോൾ രണ്ടാമൻ പാപ്പയും, 2011-ല്‍ ബെനഡിക്ട് പതിനാറാമൻ പാപ്പയുമാണ് വെനീസിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തിയിട്ടുള്ള മറ്റു പാപ്പമാർ.


Related Articles »