News

വേദനയുടെ നടുവിലും പുഞ്ചിരിയോടെ നിത്യതയിലേക്ക് യാത്രയായ സന്യാസിനിയുടെ നാമകരണ നടപടിയ്ക്കു ആരംഭം

പ്രവാചകശബ്ദം 19-02-2024 - Monday

ബ്യൂണസ് അയേഴ്സ്: ഘോരമായ വേദനയുടെ നടുവില്‍ പുഞ്ചിരിയോടെ നിത്യതയിലേക്ക് യാത്രയായി ആഗോള ശ്രദ്ധ നേടിയ കര്‍മ്മലീത്ത സന്യാസിനി സിസ്റ്റര്‍ സിസിലിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഉത്തരവിൽ അര്‍ജന്റീനിയന്‍ രൂപത ഒപ്പുവച്ചു. 'കര്‍മലീറ്റിന്‍ ഓഫ് സാന്റാ ഫീ' സന്യാസിനിയായ സിസ്റ്റര്‍ സിസിലിയയുടെ നാമകരണ നടപടികള്‍ ആരംഭിക്കുന്നതിനായുള്ള ആദ്യപടിയായി അർജൻ്റീനയിലെ സാന്താ ഫെ ഡി ലാ വെരാ ക്രൂസ് ആർച്ച് ബിഷപ്പ് സെർജിയോ ഫെനോയാണ് പ്രാഥമിക ഉത്തരവിൽ ഒപ്പുവച്ചത്. കഠിനമായ പരീക്ഷണങ്ങൾക്കിടയിലും യേശുക്രിസ്തുവിലുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അവളുടെ സാക്ഷ്യം, പല ഹൃദയങ്ങളെയും ഉണര്‍ത്തുന്നതിന് കാരണമായിട്ടുണ്ടെന്ന് ആർച്ച് ബിഷപ്പ് സെർജിയോ പ്രസ്താവിച്ചു.

26-ാം വയസില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സിസിലിയ ക്രിസ്തുവിന്റെ മണവാട്ടിയാകാന്‍ തീരുമാനിച്ചത്. തുടര്‍ന്നു സന്യാസവസ്ത്രം സ്വീകരിച്ചു. കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങള്‍ക്കിടെ സിസ്റ്ററിന്റെ ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിക്കുകയായിരിന്നു. എന്നാല്‍ കാന്‍സറിന് സിസ്റ്ററിന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തെയും പ്രത്യാശയേയും തകര്‍ക്കാന്‍ കഴിഞ്ഞില്ല. രോഗം ഗുരുതരമായി കിടപ്പിലാകുന്നതിനു മുന്‍പുവരെ വയലിനില്‍ പ്രാര്‍ത്ഥനാഗീതങ്ങള്‍ വായിക്കുന്നത് സിസിലിയ മുടക്കിയിരുന്നില്ല.

മരണത്തോട് അടുക്കുന്ന ഓരോ വേളയിലും കന്യാസ്ത്രീയുടെ പുഞ്ചിരി അനേകരെ അത്ഭുതപ്പെടുത്തി. മരിച്ച നിമിഷം പുഞ്ചിരി അതിന്റെ നെറുകയില്‍ എത്തിയിരിന്നു. രോഗത്തിന്റെ കഠിന വേദനയിലും മരണത്തിനു മേലുള്ള ക്രിസ്തുവിന്റെ വിജയം നല്‍കുന്ന പ്രത്യാശയുടെ സന്തോഷമാണ് കന്യാസ്ത്രീയുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നതെന്നാണ് അന്ന്‍ നേരിട്ടു കണ്ട പലരും അഭിപ്രായപ്പെട്ടത്. 2016 ജൂണ്‍ 23 നാണ് സിസ്റ്റര്‍ സിസിലിയ നിത്യതയിലേക്ക് യാത്രയായത്. ആശുപത്രിയില്‍ കാന്‍സറിന്റെ കടുത്ത വേദനകളറിഞ്ഞ് മരണത്തിനു കീഴങ്ങുമ്പോഴും പുഞ്ചിരി പ്രതിഫലിപ്പിച്ച 43 വയസുകാരിയായ സിസ്റ്റര്‍ സിസിലിയയുടെ ചിത്രങ്ങള്‍ അന്നു സോഷ്യല്‍ മീഡിയായില്‍ വലിയ രീതിയില്‍ വൈറലായിരിന്നു.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »