Life In Christ

"ഞങ്ങൾ മരിക്കേണ്ടി വന്നാൽ അത് അൾത്താരയ്ക്ക് സമീപം"; വിശ്വാസം മുറുകെ പിടിച്ച് ഗാസയിലെ ക്രൈസ്തവര്‍

പ്രവാചകശബ്ദം 21-02-2024 - Wednesday

ഗാസ: ഇസ്രായേൽ - ഹമാസ് സംഘർഷത്തിനിടെ യേശുവിലുള്ള വിശ്വാസം മുറുകെ പിടിച്ച് ഗാസയിലെ ക്രൈസ്തവ സമൂഹം. ഗാസയിലെ ഇടവകയിൽ അഭയം പ്രാപിച്ചിരിക്കുന്ന നിരവധി ആളുകൾ ബോംബാക്രമണത്തിന്റെ ഭീഷണിയിലാണെങ്കിലും അവരുടെ ക്രൈസ്തവ സാക്ഷ്യം വെളിപ്പെടുത്തുന്നതാണ് തുടർച്ചയായി അർപ്പിക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനകളെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദേവാലയത്തിന്റെ വികാരി ഫാ. റൊമാനെല്ലിയെ ഉദ്ധരിച്ചാണ് വത്തിക്കാന്‍ ന്യൂസിന്റെ റിപ്പോര്‍ട്ട്.

സൈതുൺ, തുർക്ക്മാൻ പ്രദേശങ്ങളിൽനിന്നും ഒഴിഞ്ഞുപോകണമെന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ നിർദേശമനുസരിച്ച് നിരവധി ആളുകളാണ് ഗാസയിലെ ഇടവകയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സാഹചര്യം മാറി മറിയുമ്പോഴും വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ ആഴപ്പെടുകയാണ്. ഇടവകകളിൽ തന്നെ താമസിക്കുവാൻ ആഗ്രഹിക്കുന്ന ആളുകളുടെ ശക്തമായ വിശ്വാസ തീക്ഷ്ണത വികാരി പങ്കുവെച്ചു. "ഞങ്ങൾ മരിക്കേണ്ടി വന്നാൽ അത് അൾത്താരയ്ക്ക് സമീപം, യേശുവിനോട് ചേർന്നായിരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതാണ് ഞങ്ങളുടെ ഭവനം, ഇവിടെനിന്നും ഞങ്ങൾ എങ്ങോട്ടേക്കും പോകുന്നില്ല".

കാലാവസ്ഥയുടെ കാഠിന്യവും ഭീതിയും ഭക്ഷണദൗർലഭ്യതയുമെല്ലാം നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെങ്കിലും, ഇടവകയിൽ താമസിക്കുന്ന എല്ലാവരും കുരിശിന്റെ വഴി പ്രാർത്ഥന പ്രദക്ഷിണമായി നടത്തുന്നുണ്ടെന്ന് ഫാ. റൊമാനെല്ലി പറയുന്നു. യുദ്ധത്തിന്റെ ഇരകൾ, എല്ലാം നഷ്ടപ്പെട്ടവർ എന്ന ചിന്തകളെല്ലാം - ദൈവത്തിലുള്ള വിശ്വാസം കൂടെ ചേർത്തുവച്ചുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ ദൈവം രക്ഷിക്കുമെന്ന പ്രത്യാശ ജനത്തിന് ലഭിക്കുകയാണെന്നും ഫാ. റൊമാനെല്ലി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗാസയിൽ ഇതുവരെയുള്ള മരണം 29,195 ആയി. 69,170 പേർക്കു പരുക്കേറ്റു. വെടിവയ്പും ആക്രമണവും രൂക്ഷമായതോടെ വടക്കൻ ഗാസയിൽ ഭക്ഷണം ഉൾപ്പെടെ സഹായവിതരണം നിർത്തിവച്ചതായി യുഎൻ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചിട്ടുണ്ട്. ഹമാസ് -ഇസ്രായേല്‍ പോരാട്ടം സംഘർഷം വീണ്ടും ആരംഭിച്ച് നാല് മാസത്തിനിടെ മുപ്പതോളം ക്രിസ്ത്യാനികളാണ് ഗാസയിൽ മരിച്ചതെന്ന് അടുത്തിടെ ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരിന്നു. നിലവില്‍, 184 കുടുംബങ്ങളില്‍ നിന്നായി മൊത്തം 560 ക്രൈസ്തവരാണ് ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തില്‍ അഭയാര്‍ത്ഥികളായി തുടരുന്നത്.


Related Articles »