News - 2025
റോമിലെ മേജർ ബസിലിക്കകളുടെ സമ്പൂര്‍ണ്ണ വിവരങ്ങളുമായി യുവജനങ്ങള്‍ ഒരുക്കിയ വെബ്സൈറ്റ് ശ്രദ്ധ നേടുന്നു
പ്രവാചകശബ്ദം 24-02-2024 - Saturday
വത്തിക്കാന്‍ സിറ്റി: ലോക പ്രശസ്തമായ റോമിലെ നാല് മേജർ ബസിലിക്കകളുടെ സമഗ്ര ചിത്രവുമായി യുവജനങ്ങള്‍ ഒരുക്കിയ വെബ്സൈറ്റ് ശ്രദ്ധ നേടുന്നു. പത്തു രാജ്യങ്ങളിൽനിന്നുള്ള പതിനാറ് യുവജനങ്ങള്‍ ഒരുക്കിയ വെബ്സൈറ്റ് 2025 ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ സന്ദര്‍ശിക്കുവാന്‍ ഇരിക്കുന്ന ലക്ഷങ്ങള്‍ക്ക് വലിയ സഹായകരമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. റോമിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക, സെന്‍റ് പോള്‍സ് ബസിലിക്ക, സെന്‍റ് മേരി മേജര്‍ ബസിലിക്ക, സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക തുടങ്ങിയ മേജർ ബസിലിക്കകളിൽ വാസ്തുവിദ്യയുടെ മനോഹരമായ മകുടങ്ങൾ എന്നതിനപ്പുറം, വിശ്വാസത്തിന്റെ ജീവിതസാക്ഷ്യമെന്ന നിലയിൽ അവയെ മനസ്സിലാക്കാനും, അനുഭവിച്ചറിയാനും ഉതകുന്ന രീതിയിലാണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.
വത്തിക്കാൻ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി തിരഞ്ഞെടുത്ത യുവജനങ്ങളാണ് തങ്ങളുടെ വ്യക്തിജീവിതത്തിലെ അനുഭവങ്ങൾ കൂടി പങ്കുവച്ചുകൊണ്ട്, റോമിലെ മേജർ ബസിലിക്കകളുമായി ബന്ധപ്പെട്ട വിവരങ്ങൾ തീർത്ഥാടകർക്കായി വിവരിക്കുന്നത്. വിശ്വാസപരമായി ഏറെ വളർന്നിട്ടില്ലാത്ത യുവജനങ്ങൾക്ക് പോലും, റോമിലെ മേജർ ബസിലിക്കകളെ വ്യത്യസ്തമായ കണ്ണുകളോടെ നോക്കിക്കാണാനും, മനസ്സിലാക്കാനും സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ് വിവിധ ഭാഷകളിലായി ഒരുക്കിയിട്ടുള്ള പുതിയ മിനി വെബ്സൈറ്റ് എന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട പല സന്ദേശങ്ങളും മനസ്സിലാക്കാൻ, റോമിലെ മേജർ ബസിലിക്കകളിൽ തങ്ങൾ നടത്തിയ സന്ദർശനങ്ങൾ സഹായിച്ചുവെന്നും, ഇവിടെയെത്തുന്ന ഓരോ സന്ദർശകർക്കും ഇതേ അനുഭവങ്ങൾ അറിയാൻ സഹായമേകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, വെബ്സൈറ്റ് തയ്യാറാക്കിയ യുവജനങ്ങൾ പറഞ്ഞു. വെബ്സൈറ്റ് സന്ദർശിക്കുന്നവരോട് വിനോദസഞ്ചാരിയിൽനിന്ന് തീർത്ഥാടകനിലേക്ക് (#FromTouristToPilgrim) എന്ന ഹാഷ്‌ടാഗോടെ തങ്ങളുടെ അനുഭവങ്ങളും സാക്ഷ്യവും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കാനും വത്തിക്കാന്‍ ആഹ്വാനം ചെയ്‌തു. https://basilicas.vatican.va/en.html എന്ന സൈറ്റിലാണ് വിശ്വാസികൾക്ക് സഹായകരമായേക്കാവുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
➤ പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക