News - 2024

ഹൂസ്റ്റൺ സർവകലാശാലയിൽ ഭ്രൂണഹത്യയെ അനുകൂലിക്കുന്ന പൈശാചിക പ്രതിമ: പ്രതിഷേധവുമായി വിശ്വാസികൾ

പ്രവാചകശബ്ദം 29-02-2024 - Thursday

ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ സ്ഥിതി ചെയ്യുന്ന ഹൂസ്റ്റൺ സർവകലാശാലയിൽ സാത്താനിക രൂപം സ്ഥാപിച്ചതിനെതിരെ പ്രാർത്ഥനയും പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത്. ആടിന്റെ സമാനമായി ചുരുണ്ട മുടിയുള്ള സ്ത്രീയുടെ രൂപമുള്ള പ്രതിമ ഷാഹ്സിയാ സിക്കന്ദർ എന്ന വ്യക്തിയാണ് നിർമ്മിച്ചത്. ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന രൂപമാണിതെന്ന് സിക്കന്ദർ വ്യക്തമാക്കിയിരിന്നു. ലോകത്തിൻറെ മേലുള്ള ആധിപത്യത്തിന്റെ സൂചകമായി ഒരു മെറ്റൽ പ്രതലത്തിലാണ് പ്രതിമവെച്ചിരിക്കുന്നത്.

പാശ്ചാത്യ കലയിൽ ആടിൻറെ കൊമ്പ് എന്നത് സാത്താനികമായ ഒന്നായിട്ടാണ് ചിത്രീകരിക്കുന്നതെന്നും, പ്രതിമ സ്ഥാപിക്കുന്നവർ സാത്താനിക ചിഹ്നമാണ് സ്വീകരിക്കുന്നതെന്നും ഇന്നലെ ഫെബ്രുവരി 28നു പ്രാർത്ഥന നടത്തിയ ടെക്സാസ് റൈറ്റ് ടു ലൈഫ് എന്ന സംഘടനയുടെ അധ്യക്ഷൻ ജോൺ സിയാഗോ ഇ‌ഡബ്ല്യു‌ടി‌എന്‍ ചാനലിനു അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഭ്രൂണഹത്യ നടത്താനുള്ള അവകാശത്തിനുവേണ്ടിയും ദൈവത്തോടുള്ള അനുസരണയില്ലായ്മ ആഘോഷിക്കാനുമാണ് ശില്പം സ്ഥാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശില്പത്തിനെതിരെ സർവകലാശാലയിലെ മുൻ വിദ്യാർഥികളും, രാഷ്ട്രീയ നേതാക്കളും അടക്കം രംഗത്ത് വന്നതായും സിയാഗോ വെളിപ്പെടുത്തി.

"ഹവാ ടു ബ്രീത്ത് എയർ ലൈഫ്" എന്ന പേരിട്ടിരിക്കുന്ന ഒരു പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച രണ്ട് പ്രതിമകളിൽ ഒന്നായ ഈ പ്രതിമ ന്യൂയോർക്ക് നഗരത്തിലെ മാഡിസൺ സ്ക്വയർ പാർക്കിൽ നിന്നാണ് സർവ്വകലാശാലയിലേക്ക് കൊണ്ടുവന്നത്. 2023 ജനുവരി 17 മുതൽ ജൂൺ 4 വരെ ഇത് ന്യൂയോർക്കിൽ പ്രദർശനത്തിന് വച്ചിരിക്കുകയായിരുന്നു. ഹൂസ്റ്റണിൽ ഇന്നലെ മുതൽ ഒക്ടോബർ 31 വരെ പ്രതിമ പ്രദർശനത്തിനുവെക്കാനാണ് അധികൃതർ പദ്ധതി ഇട്ടിരിക്കുന്നത്. അതേസമയം ഇതിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ വ്യാപകമാകാനാണ് സാധ്യത.


Related Articles »