News

കത്തോലിക്ക ദേവാലയങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഏര്‍പ്പെടുത്തണം: ബൈഡനോട് യു‌എസ് സെനറ്റര്‍

പ്രവാചകശബ്ദം 07-03-2024 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി സുപ്രീം കോടതി തിരുത്തിയതിനു പിന്നാലെ അമേരിക്കയില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് യു‌എസ് സെനറ്റർ മാർക്കോ റൂബിയോ. കത്തോലിക്കാ ദേവാലയങ്ങള്‍ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് പ്രസിഡൻ്റ് ജോ ബൈഡനോട് അദ്ദേഹം ആവശ്യപ്പെട്ടു. മാർച്ച് 5ന് പ്രസിഡൻ്റിനെ അഭിസംബോധന ചെയ്ത കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 2020 മെയ് മുതൽ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ നാനൂറിലധികം ആക്രമണങ്ങൾ നടന്നതായുള്ള കണക്ക് ചൂണ്ടിക്കാട്ടിയ ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്റര്‍, വിഷയത്തില്‍ ക്രിയാത്മക നടപടി ബൈഡന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

കത്തോലിക്ക ദേവാലയങ്ങളിലെ രൂപങ്ങള്‍ നശിപ്പിക്കൽ, പാറക്കല്ലുകളും ഇഷ്ടികകളും ജനലിലൂടെ വലിച്ചെറിയല്‍, ദേവാലയ ഭിത്തികളില്‍ പൈശാചിക സന്ദേശങ്ങളുടെ സ്പ്രേ പെയിൻ്റിംഗ് നടത്തുക തുടങ്ങീ നിരവധി ആക്രമണങ്ങളാണ് രാജ്യത്തു അരങ്ങേറിയിരിക്കുന്നത്. ഈ ആക്രമണങ്ങൾ യാദൃശ്ചികമല്ലായെന്നും വിശ്വാസികളോടു നിലനിൽക്കുന്ന വിദ്വേഷമാണ് അവരെ ആക്രമണത്തിനെ പ്രചോദിപ്പിക്കുന്നതെന്നും മാർക്കോ റൂബിയോ പറഞ്ഞു. ന്യൂയോർക്കിൽ അടുത്തിടെ നടന്ന ആക്രമണങ്ങളുടെ ഉദാഹരണങ്ങൾ സെനറ്റർ ചൂണ്ടിക്കാട്ടി.

അക്രമങ്ങളില്‍ ഒരു സ്ത്രീ കന്യകാമറിയത്തിൻ്റെ രൂപത്തിന് തീയിട്ടു, ഒരു വ്യക്തി ഉണ്ണിയേശുവിന്റെ രൂപത്തിന്റെ തലവെട്ടി, ഒരു വ്യക്തി ക്രിസ്തുവിൻ്റെ രൂപത്തിന്റെ കൈകൾ വെട്ടിമാറ്റി- ഈ സംഭവങ്ങൾ ബൈഡന്‍ ഭരണം അടിയന്തിര മുൻഗണന നല്‍കി അന്വേഷിക്കുകയും പൂർണ്ണമായി വിചാരണ ചെയ്യണം. അക്രമത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ഭരണകൂടം ഏറ്റവും ഉയർന്ന മുൻഗണന നൽകണം. അതേസമയം ദേവാലയങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ക്കിടയിലും ഭരണകൂടത്തിൻ്റെ നിഷ്ക്രിയത്വം കത്തോലിക്കാ പള്ളികളെയും അവരുടെ ഇടവകക്കാരെയും സംരക്ഷിക്കാൻ നിങ്ങൾ തയ്യാറാണോ എന്ന് സംശയിക്കാൻ ഇടയാക്കുകയാണെന്നും സെനറ്റര്‍ കത്തില്‍ കുറിച്ചു.

ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി സുപ്രീം കോടതി തിരുത്തിയ വിധിക്ക് പിന്നാലെ 2022- മുതല്‍ ഇതുവരെ നിരവധി കത്തോലിക്ക ദേവാലയങ്ങളും പ്രോലൈഫ് സ്ഥാപനങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ കത്തോലിക്ക സഭ പുലര്‍ത്തുന്ന ശക്തമായ സമീപനമാണ് ഭ്രൂണഹത്യ അനുകൂലികളെ ചൊടിപ്പിക്കുന്നത്. ഇതേ തുടര്‍ന്നു നൂറുകണക്കിന് ദേവാലയങ്ങള്‍ക്ക് നേരെയാണ് ഭ്രൂണഹത്യ അനുകൂലികള്‍ ആക്രമണം നടത്തിയത്.

Tag: Sen. Marco Rubio demands Biden protect Catholic churches from attacks, pravachakasabdam, Catholic Malayalam News

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »