News - 2024

തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ കണ്ടെത്താനായില്ല; രൂക്ഷ വിമര്‍ശനവുമായി നൈജീരിയന്‍ സഭ

പ്രവാചകശബ്ദം 13-03-2024 - Wednesday

അബൂജ: വടക്കൻ നൈജീരിയയിൽ ഒരാഴ്‌ചയ്ക്കിടെ ഭീകരർ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 300 കവിഞ്ഞതിനിടെ ശക്തമായ പ്രതിഷേധം അറിയിച്ച് നൈജീരിയന്‍ സഭ. കടൂണ ജില്ലയിലെ കുരിഗയിൽ നിന്നാണ് 3 തവണയായി 12 വയസ്സിൽ താഴെയുള്ള മുന്നൂറിലധികം കുട്ടികളെ തട്ടിയെടുത്തത്. ഇത് ഹൃദയഭേദക സംഭവമാണെന്നും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും തടയാൻ അധികാരികൾ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും കടൂണ അതിരൂപതയിലെ മതബോധന പണ്ഡിതനായ ഇമ്മാനുവൽ അയേനി പറഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികൾക്കായി പ്രാർത്ഥിക്കുന്നത് തുടരുകയാണെന്നും അവര്‍ ദൈവത്തിൻ്റെ ശക്തമായ കരത്തിന് കീഴിലാണെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സർക്കാർ ജനങ്ങളെ ആവശ്യമുള്ള സമയത്ത് ഉപേക്ഷിക്കുകയാണെന്ന് നൈജീരിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡൻ്റും ഒവേരിയിലെ ആർച്ച് ബിഷപ്പുമായ ലൂസിയസ് ഇവെജുരു ഉഗോർജി ആരോപിച്ചു. ഭീകരാക്രമണങ്ങളെ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. രാജ്യം ക്രമക്കേടിൻ്റെയും നിയമലംഘനങ്ങളുടെയും നടുവിലാണ്. രാജ്യത്തിൻ്റെ സുരക്ഷാ പുനഃസ്ഥാപിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ ശ്രമങ്ങൾ ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസിന് നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് ഇരുനൂറോളം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട സംഭവം സർക്കാരിൻ്റെ പരിഷ്കരണ ശ്രമങ്ങൾ എത്രത്തോളം നിഷ്ഫലമാണ് എന്നതിൻ്റെ ഉദാഹരണമാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു തീവ്രവാദികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. രാവിലെ എട്ടരയ്ക്ക സ്‌കൂൾ അസംബ്ലി നടന്നുകൊണ്ടിരിക്കേ കൊള്ളക്കാർ മോട്ടോർ സൈക്കിളുകളിൽ ഇരച്ചുകയറുകയായിരുന്നു. എട്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണു തട്ടിക്കൊണ്ടുപോയത്. സെക്കൻഡറി സ്‌കൂളിലെ 187, പ്രൈമറിയിലെ 125 അടക്കം 312 വിദ്യാർത്ഥികളെയാണു തട്ടിക്കൊണ്ടുപോയതെന്നും ഇതിൽ 25 പേർ തിരിച്ചെത്തിയെന്നും കടൂണ സംസ്ഥാന ഗവർണർ ഉബാ സാനി അറിയിച്ചു. തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 2021 ജൂലൈയിൽ തട്ടിക്കൊണ്ടുപോയ നൂറ്റൻപതോളം കുട്ടികളെ രക്ഷിതാക്കൾ പണം നൽകി മോചിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കുട്ടികളടക്കം 3500 പേരെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇങ്ങനെ പിടികൂടുന്നവരെ മനുഷ്യകവചമായും ഇസ്ലാമിക തീവ്രവാദികള്‍ ഉപയോഗിക്കുന്നുണ്ട്.


Related Articles »