India - 2025

'പാദ്രിസ് കോർദേ മാർ പവ്വത്തിൽ': കാഞ്ഞിരപ്പള്ളി രൂപതയില്‍ കുടുംബ നാഥന്മാർക്കു പരിശീലന പരിപാടി

പ്രവാചകശബ്ദം 17-03-2024 - Sunday

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെ അനുസ്‌മരണമായി രൂപതയിലെ ഇടവകകളിൽ നടത്തപ്പെടുന്ന കുടുംബ നാഥന്മാർക്കുള്ള പരിശീലന പരിപാടിയായ പാദ്രിസ് കോർദേ മാർ പവ്വത്തിൽ നാളെ ചരമവാർഷിക ദിനത്തിൽ തുടക്കമാകും.

മാർ പവ്വത്തിലിൻ്റെ കുടുംബങ്ങളെ സംബന്ധിച്ചുള്ള ദർശനങ്ങളെ ഉൾക്കൊള്ളിച്ച് നടത്തപ്പെടുന്ന പരിശീലന പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിക്കും. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ മാർ പവ്വത്തിൽ അനുസ്മരണപ്രഭാഷണം നടത്തും. ചരമ വാർഷിക ദിനമായ നാളെ പൊടിമറ്റം നിർമല റിന്യൂവൽ സെൻ്ററിൽ നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തിൽ എല്ലാ ഇടവകകളിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും.

രൂപതയിൽ പ്രഖ്യാപിച്ചിരിക്കുന്ന കുടുംബവർഷം, മാർ യൗസേപ്പിതാവിന്റെ തിരുനാൾ, രൂപത സുവർണ ജൂബിലി എന്നിവയുടെ പശ്ചാത്തലത്തിൽ മാർ പവ്വത്തിൽ അനുസ്‌മരണമെന്ന നിലയിലാണ് രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തിൽ രൂപത പിതൃവേദി പരിശീലന പരിപാടി ഏകോപിപ്പിക്കുന്നത്. ഇടവകകളിൽ ക്ലാസ് നയിക്കുന്നതിനുള്ള റിസോഴ്സ് ടീമിനെ തയാ റാക്കി അയയ്ക്കുന്നതാണ്. ക്രൈസ്തവ കുടുംബനാഥന്മാരെന്ന നിലയിലുള്ള ഉത്തരവാദിത്വം നിർവഹി ക്കുന്നതിന് പിതാക്കൻമാർക്ക് സഹായകമാകുന്ന വിധത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. രൂപത ഫാമിലി അപ്പൊസ്‌തലേറ്റ് ഡയറക്ടർ ഫാ. മാത്യു ഓലിക്കലാണ് പരിശീലന ചുമതല നിർവഹിക്കുന്നത്


Related Articles »